world-cup

ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ പേസർ നാഥാൻ കോൾട്ടർ നില്ലിന്റെ ബൗൺസർ കൊണ്ട് ഇടത്തേ കൈയിലെ തള്ളവിരലിലിന് പരിക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പുറത്ത്. പകരക്കാരനായി റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തും. ധവാന് പരിക്കേറ്റതിനെ തുടർന്ന് പന്തിനെ ഇംഗ്ലണ്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. എന്നാൽ താരത്തെ ടീം ഇലവനിൽ ഉൾപ്പെടുത്തിയില്ല. ധവാന് പകരക്കാരനായി കെ.എൽ.രാഹുലാണ് രോഹിത് ശർമയ്‌ക്കൊപ്പം ഇറങ്ങിയത്.

ആസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ധവാനെ സ്കാനിംഗിന് വിധേയമാക്കിയപ്പോൾ താരത്തിന്റെ വിരലിന് നേരിയ പൊട്ടലുണ്ടെന്ന് വ്യക്തമായിയിരുന്നു. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചു. ലോകകപ്പിന്റെ അവസാന മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിക്കുമെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ മത്സരത്തിന് ഇറങ്ങുന്നത് ശരിയല്ലെന്നാണ് വിലയിരുത്തൽ. തുടർന്ന് ടീം മാനേജ്മെന്റ് നൽകിയ നിർദ്ദേശം ഇന്ന് ചേർന്ന ബി.സി.സി.ഐ യോഗം അംഗീകരിച്ചു.