കണ്ണൂർ: ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ഭരണസമിതിക്ക് പങ്കില്ലെന്ന് നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമള അറിയിച്ചു. മേയ് അവസാനമാണ് പാറയിൽ സാജന്റെ കെട്ടിടവുമായി ബന്ധപ്പെട്ട ഫയൽ സെക്രട്ടറിക്ക് മുന്നിൽ വന്നതെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ മരണമെന്നും അവർ പറഞ്ഞു.
ഉദ്യോഗസ്ഥരാണ് അനുമതി സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്തത്. താനടക്കമുള്ള ജനപ്രതിനിധികൾക്കുമുന്നിൽ പരാതി എത്തിയിട്ടില്ല. കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ നിയമപ്രകാരമുള്ള കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ. വ്യവസായിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും നഗരസഭ അദ്ധ്യക്ഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ തളിപ്പറമ്പ് നഗരസഭയിൽനിന്നാണ് കെട്ടിടനിർമാണത്തിനുള്ള പ്ലാൻ പാസാക്കിയതെന്നും പിന്നീട് ആന്തൂർ നഗരസഭ നിലവിൽവന്നതിന് ശേഷമാണ് നിർമാണം ആരംഭിച്ചതെന്നും അവർ വ്യക്തമാക്കി. ഇതിനിടെ അനധികൃത നിർമാണമാണെന്ന് കാണിച്ച് പരാതി ലഭിച്ചിരുന്നു. സാജൻ ഇക്കാര്യത്തിൽ നോട്ടീസ് അയക്കുകയും പണിനിറുത്തിവയ്ക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചശേഷമാണ് നിർമാണം പുനരാരംഭിച്ചതെന്നും പി.കെ. ശ്യാമള വ്യക്തമാക്കി.
ഏപ്രിൽ 12-നാണ് സാജൻ കെട്ടിടത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. അപേക്ഷയിലെ ന്യൂനതകൾ കണ്ടെത്തുകയും അത് പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പാർഥാസ് കൺവെൻഷൻ സെന്ററിൽ ഏപ്രിൽ 20-നും മെയ് 20-നും വിവാഹങ്ങൾ നടന്നിരുന്നു. താൻ ഉൾപ്പെടെ ഒരു വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങളിലും വിവാഹം നടക്കാനുണ്ട്. ഇതൊന്നും നഗരസഭ തടഞ്ഞിട്ടില്ല. നഗരസഭ ഭരണസമിതിക്ക് അദ്ദേഹത്തോട് യാതൊരു വിരോധവുമില്ലെന്നും അവർ വ്യക്തമാക്കി.