റിയാദ്: സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തുന്ന യു.എൻ ഫൊറൻസിക് റിപ്പോർട്ട് പുറത്ത്. സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്നു തെളിയിക്കുന്ന വിശ്വാസയോഗ്യമായ തെളിവുള്ളതായാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഉന്നത ഉദ്യോഗസ്ഥർക്കും കൊലയിൽ പങ്കുണ്ടെന്നു തെളിയിക്കുന്ന 100 പേജുള്ള റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. ഖഷോഗിയുടെ വധം ഒരു ‘അന്താരാഷ്ട്ര കുറ്റകൃത്യം’ ആണെന്ന് റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിലുള്ള യു.എൻ പ്രത്യേക ഉദ്യോഗസ്ഥ ആഗ്നസ് കല്ലാമാർഡ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് സൗദി മാദ്ധ്യമപ്രവർത്തകനായ ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോൺസുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. ഖഷോഗി കോൺസുലേറ്റിൽവച്ച് കൊല്ലപ്പെട്ടുവെന്ന് തുർക്കി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ, സൗദി ആദ്യം ഇതിനെ എതിർത്തെങ്കിലും പിന്നീട് അംഗീകരിച്ചു.