samuel-

തൃശൂർ: കോടികൾ ആസ്തിയുള്ള റബർ ഫാക്ടറിയും 112 ഏക്കർ കൃഷിയിടവും നഷ്ടപ്പെട്ട് 90 ശതമാനവും അന്ധനായി അഭയകേന്ദ്രത്തിലെ അന്തേവാസിയായി കഴിയുകയാണ് സിഡ്കോ മുൻ ഡയറക്ടർ കൂടിയായ ഈ 63 കാരൻ, സാമുവൽ ജോൺ.

കടബാദ്ധ്യതകൾ കുന്നുകൂടി എങ്ങനെ തലയിൽ ഇടിത്തീപോലെ പതിച്ചുവെന്ന് ചോദിച്ചാൽ സാമുവൽ ജോൺ ആ ജീവിതകഥ പറയും.

1961ലാണ് കോഴിക്കോട് ഗാന്ധിറാേഡിൽ ഏഞ്ചൽഗാർഡ് വീട്ടിൽ സാമുവലിന്റെ പിതാവ് എം.എ. ജോൺ പാലക്കാട് ഒലവക്കോട്ട് ഒരു റബർഫാക്ടറി തുടങ്ങുന്നത്. കോഴിക്കോട് മുക്കത്തുളള 112 ഏക്കർ കൃഷിയിടത്തിലെ ആദായത്തിൽ നിന്നായിരുന്നു ബിസിനസിലേക്ക് കാലെടുത്തുവച്ചത്. സി.പി.ഐ നേതാവായിരുന്ന ടി.വി. തോമസാണ് സ്വന്തം പാർട്ടിക്കാരനായ ജോണിനെ ഫാക്ടറി തുടങ്ങാൻ സഹായിച്ചത്. ഉയർന്ന ടാക്സ് കൊടുക്കേണ്ടി വരികയും ലാഭമില്ലാതാവുകയും ചെയ്തതോടെ ഫാക്ടറിയിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പറ്റാതായി. തൊഴിലാളികൾ സമരം നടത്തി. കൃഷിയിടം പലപ്പോഴായി മുറിച്ച് വിറ്റിട്ടും നഷ്ടം നികന്നില്ല. ഒടുവിൽ കൃഷിയിടം മുഴുവനായി വിറ്റു. 20 വർഷം മുൻപ് ദുഃഖഭാരത്താൽ സാമുവലിന്റെ കൈകളിൽ കിടന്ന് ജോൺ മരിച്ചു. ഫാക്ടറി ബാങ്കുകാർ ജപ്തി ചെയ്തു.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെയാണ് സാമുവൽ ജോൺ സിഡ്കോ ഡയറക്ടർ സ്ഥാനത്തെത്തുന്നത്. ഭരണകാലം കഴിഞ്ഞതോടെ സ്ഥാനം നഷ്ടമായി. പല ബിസിനസുകൾക്കും മുന്നിട്ടിറങ്ങിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ മൂന്ന് വർഷക്കാലം ഭക്ഷണത്തിനു പോലും വകയില്ലാതെ അലഞ്ഞു. അതിനിടെ ഒരു കണ്ണിൽ ഗ്ളൂക്കോമ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടു. മറ്റേ കണ്ണിൽ റെറ്റിനയ്ക്ക് തകരാർ വന്നതോടെ 90 ശതമാനം കാഴ്ചയില്ലാതായി. കുറച്ചെങ്കിലും കാഴ്ച തിരിച്ചുപിടിക്കാനുള്ള ചികിത്സ നടത്താൻ ലക്ഷങ്ങൾ വേണം. ഭാര്യ വീട്ടമ്മയാണ്. രണ്ട് ആൺമക്കൾ സ്വകാര്യകമ്പനിയിൽ ജീവനക്കാരും. ഒരു മകളുണ്ട്. കോഴിക്കോട്ടെ വീട്ടിലാണ് അവരുടെ താമസം.

ആരും സംരക്ഷിക്കാനില്ലാതായപ്പോഴാണ് തൃശൂരിലെ സുഹൃത്തുക്കൾ അഭയവും ഭക്ഷണവും നൽകിയതെന്ന് സാമുവൽ പറയുന്നു. ആറ് മാസം മുൻപാണ് തൃശൂർ സെന്റ് തോമസ് കോളേജിലെ ഇംഗ്ളീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. കെ.ഐ. വർഗീസും റിട്ട. എസ്.പി സതീശ് ചന്ദ്രനും കുട്ടനെല്ലൂർ മരിയാപുരത്തെ അഭയസദനിൽ അദ്ദേഹത്തെ പാർപ്പിച്ചത്.

''നഷ്ടങ്ങളെല്ലാം സഹിക്കാം. കാഴ്ച തിരിച്ചുകിട്ടിയെങ്കിൽ, എല്ലാം കൺനിറയെ കാണാനായെങ്കിൽ, കുരിശിൽ കിടക്കുന്ന യേശുദേവന്റെ രൂപത്തിനു മുന്നിലിരുന്ന് പ്രാർത്ഥിക്കാനായെങ്കിൽ...''സാമുവൽ ജോൺ പങ്കുവയ്ക്കാറുള്ളത് ആ മോഹം മാത്രം.