തിരുവനന്തപുരം: മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വി.രാജ പുരസ്കാരം കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ അജയ് മധുവിന്. അരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം. പാലായിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിലെ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ് മത്സരത്തിന്റെ ''പകച്ചുപോയ കൗമാരം'' എന്ന ചിത്രത്തിനാണ് അവാർഡ്.
ജഗതി മോഹനത്തിൽ പരേതനായ സി.പി.ഐ നേതാവ് കുറ്റിയാണിക്കാട് മധുവിന്റെയും ജയകുമാരിയുടെയും മകനാണ്. ന്യൂഡൽഹി ദിവ്യജ്യോതി ഡെന്റൽകോളേജിലെ പി.ജി വിദ്യാർത്ഥിനി ഡോ.ഐശ്വര്യാ മധു സഹോദരിയാണ്. 2014ലെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അവാർഡ് ലഭിച്ചിട്ടുണ്ട്.