ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് സംസ്ഥാന ഘടകത്തെ (പി.സി.സി) ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) പിരിച്ചുവിട്ടു. അതേസമയം, നിലവിലെ പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ബി. ഖാന്ദ്രേ എന്നിവർ അതത് സ്ഥാനങ്ങളിൽ തുടരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിലെ ഭിന്നതകൾ രൂക്ഷമായതിനു പിന്നാലെയാണ് കോൺഗ്രസിന്റെ സംസ്ഥാനഘടകം പിരിച്ചുവിടാനുള്ള നിർണായകതീരുമാനം. അതേസമയം, പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവും ശിവജിനഗർ എം.എൽ.എയുമായ റോഷൻ ബേഗിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പരസ്യവിമർശനം നടത്തിയ റോഷൻ, താൻ കോൺഗ്രസ് പാർട്ടിയുടെ സേവകനാണെന്നും സിദ്ധരാമയ്യയാണു സസ്പെൻഷനു കാരണമെന്നും പറഞ്ഞിരുന്നു. പി.സി.സി പ്രസിഡന്റിനെ വിമർശിച്ച റോഷൻ, കർണാടകയുടെ ചുമതലയുള്ള കെ.സി. വേണുഗോപാലിനെ കോമാളിയെന്നാണു വിളിച്ചത്.
അതേസമയം, കർണാടകയിൽ സഖ്യസർക്കാരിനെ നിലനിറുത്തിക്കൊണ്ടുപോകാൻ താൻ വേദന സഹിക്കുകയാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞതിന് പിന്നാലെയാണ് പി.സി.സി പിരിച്ചുവിടാനുള്ള നിർണായക തീരുമാനം ദേശീയ നേതൃത്വം സ്വീകരിച്ചത്.
'' ഞാനൊരിക്കലും രാഹുൽ ഗാന്ധിയെ വിമർശിച്ചിട്ടില്ല. ഞാൻ ആൾ ഇന് കോൺഗ്രസിന്റെ പ്രവർത്തകനാണ്. സിദ്ധരാമയ്യ കോൺഗ്രസിന്റേതല്ല. പാർട്ടിയുടെ മോശം പ്രവർത്തനത്തെക്കുറിച്ച് മാത്രമാണ് ഞാൻ പറഞ്ഞത്. എന്റെ സസ്പെൻഷന്റെ കാരണം, സിദ്ധരാമയ്യയാണ്. "- റോഷൻ ബേഗ്