ന്യൂഡൽഹി : ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷിയോഗം പ്രധാന പ്രതിപക്ഷ പാർട്ടികൾ കൂട്ടത്തോടെ ബഹിഷ്കരിച്ചു. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതിനെക്കുറിച്ച് സമവായം ഉണ്ടാക്കുന്നതിനാണ് നരേന്ദ്രമോദി യോഗം വിളിച്ചത്. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അവസാന നിമിഷവും കോൺഗ്രസിന്റെ പ്രതികരണം. നരേന്ദ്രമോദിക്കൊപ്പം പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, നിതിൻ ഗഡ്കരി, ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവരും യോഗത്തിലുണ്ടായിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജൻ സമാജ്‍വാദി പാർട്ടി അദ്ധ്യക്ഷ മായാവതി, തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ എന്നിവരും യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീൻ പട്‍നായിക് യോഗത്തിൽ അൽപസമയം പങ്കെടുത്ത് മടങ്ങി. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്', എന്ന ആശയത്തോട് യോജിക്കുന്നുവെന്ന് നവീൻ പട്‍നായിക് വ്യക്തമാക്കി.
യോഗത്തിൽ ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, അകാലിദൾ നേതാവ് സുഖ്‍ബീർ സിംഗ് യാദവ്, പി.ഡി.പി നേതാവ് മെഹ്‍ബൂബ മുഫ്തി, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നീ നേതാക്കളും എൻ.സി.പിയുടെയും ഡി.എം.കെയുടെയും മുസ്ലീം ലീഗിന്റെയും പ്രതിനിധികൾ യോഗത്തിനെത്തി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ നേതാവ് ഡി. രാജയും യോഗത്തിനെത്തിയെങ്കിലും ഒറ്റതിരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർക്കുമെന്ന് ഇവർ വ്യക്തമാക്കി.