santhivanam

എറണാകുളം: ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയതിനെ തുടർന്ന് ശാന്തിവനം ഉടമ മിനി മേനോൻ മുടി മുറിച്ച് പ്രതിഷേധിച്ചു. സന്നാഹങ്ങളോടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മരത്തിന്റെ ശിഖരം മുറിച്ചത്. നേരത്തെ ശാന്തിവനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കെ.എസ്.സി.ബി ഉദ്യോഗസ്ഥർ മരം മുറിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ പൊലീസ് സന്നാഹത്തോടയെത്തിയ ഉദ്യോഗസ്ഥർ ശിഖരങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു.

ഇതിനെ തുടർന്ന് മിനി പ്രതിഷേധവുമായി രംഗത്തെത്തിയത്. ജനാധിപത്യം നോക്കി നിൽക്കുമ്പോ തനിക്ക് പ്രതിഷേധിക്കാൻ മാത്രമേ കഴിയൂ എന്ന് പറഞ്ഞു കൊണ്ടാണ് മിനി അവരുടെ മുടി മുറിച്ചത്. ശിഖരങ്ങൾ മുറിക്കാൻ വന്ന കെ.എസ്.സി.ബി ഉദ്യോഗസ്ഥർ അടുത്ത തലമുറയോട് മറുപടി പറയേണ്ടി വരുമെന്നും എന്നാൽ തന്റെ മക്കൾക്ക് മുന്നിൽ താനിക്ക് തല കുനിക്കേണ്ടി വരില്ലെന്നും മിനി വ്യക്തമാക്കി. മുടിയുടെ ആദ്യ കഷ്ണം മുഖ്യമന്ത്രിക്കും രണ്ടാമത്തത് മണി സഖാവിനും സമർപ്പിക്കുന്നുവെന്നും മിനി പറഞ്ഞു.

'പണ്ട് ഒരുപാട് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാർട്ടിയാണ് നിങ്ങളുടേത്. നിങ്ങൾ വെക്കുന്ന പച്ചത്തുരുത്തിനുള്ള മറുപടിയാണ് ഈ മുടി. മണി സഖാവിനാണ് രണ്ടാമത്തെ കഷ്ണം. ഒന്ന് വന്ന് കണ്ടു നോക്കൂ എന്ന് എത്ര തവണ പറഞ്ഞതാണ്. മൂന്നാമത്തെ കഷ്ണം കെ.എസ്.ഇ.ബിക്കാരനും ഓരോ സാധാരണക്കാരനും ഉള്ളതാണ്'- മുടി മുറിച്ചുകൊണ്ട് മിനി പറഞ്ഞു.