കിഴക്കിന്റെ സാമ്പത്തികകേന്ദ്രമായ ഹോങ്കോംഗിൽ രണ്ടാഴ്ചയോളമായി നടക്കുന്ന പ്രതിഷേധങ്ങൾ തുടരുകയാണ്. ചൈനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചൈനയ്ക്ക് കൈമാറി വിചാരണ ചെയ്യാൻ ഹോങ്കോംഗ് ഭരണകൂടം കൊണ്ടുവന്ന നിയമഭേദഗതിയാണ് ജനരോഷം ഉയർത്തിയത്.
ബ്രിട്ടന്റെ അധീനതയിൽ നിന്നും, ഹോങ്കോംഗിനെ ചൈനയ്ക്ക് കൈമാറിക്കൊണ്ടുള്ള 1997 ലെ ഉടമ്പടി ലംഘിക്കുന്നതാണ് ബിൽ എന്നാണ് പ്രക്ഷോഭകർ ആരോപിക്കുന്നത്. 1997 മുതൽ 2047 വരെ, വിദേശകാര്യം, മിലിട്ടറി എന്നിവയൊഴികെയുള്ള ഭരണകാര്യങ്ങളിൽ ഹോങ്കോംഗിന് സ്വയംഭരണാധികാരം ഉണ്ടായിരിക്കുമെന്നാണ് ബ്രിട്ടനും ചൈനയുമായി ഒപ്പുവച്ച ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുള്ളത്. അതനുസരിച്ച് ചൈനീസ് വൻകരയുടേതിൽ നിന്നും വ്യത്യസ്തമായ രാഷ്ട്രീയാന്തരീക്ഷവും സമ്പദ് വ്യവസ്ഥയും പിന്തുടരാൻ ഹോങ്കോംഗിന് നിയമപരമായ പരിരക്ഷയുണ്ട്. ഉടമ്പടിയുടെ നഗ്നമായ ലംഘനമാണ് പുതിയ ബിൽ. ചൈനയ്ക്ക് അനഭിമതരായവരെ കുറ്റവാളികളായി ചിത്രീകരിച്ച് ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവിന്റെ ഉത്തരവിലൂടെ ചൈനീസ് വൻകരയിലേക്ക് നാടുകടത്തുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യം.
ചൈനയുടെ നീതിന്യായവ്യവസ്ഥ ഇരുമ്പു മറയ്ക്കുള്ളിലാണ്. ചൈനീസ് സർക്കാരിന് താത്പര്യമില്ലാത്തവർക്ക് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. 'ഒരു രാജ്യം ഒരു ഭരണസംവിധാനം" എന്നതാണ് ഹോങ്കോംഗിന്റെയും മകാവുവിന്റെയും കാര്യത്തിൽ ചൈനയുടെ നയം. ഈ രണ്ട് പ്രത്യേക സ്വയംഭരണപ്രദേശങ്ങളും ചൈനയുടെ ഭാഗമാണ്. എന്നാൽ ഈ പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി പിന്തുടരുന്ന സ്വതന്ത്രഭരണ വ്യവസ്ഥയും ജനാധിപത്യ സ്വാതന്ത്ര്യവും തുടർന്നും നിലനിറുത്തുമെന്നാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസിലും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് പ്രഖ്യാപിച്ചത്. എന്നാൽ പുതിയ ബില്ലിലൂടെ പ്രഖ്യാപനം ജലരേഖയാവുകയാണ് .
കുട പ്രക്ഷോഭം
2014-ലെ 'കുട പ്രക്ഷോഭത്തിന് ' ശേഷം ഏറ്റവും ശക്തമായ പ്രക്ഷോഭത്തിനാണ് ഹോങ്കോങ് സാക്ഷിയാകുന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് കൊണ്ടുവരാൻ ഉദ്ദേശിച്ച മാറ്റങ്ങൾക്കെതിരെയായിരുന്നു സമാധാനപരമായ 'കുട പ്രക്ഷോഭം". ഹോങ്കോംഗ് നേതൃത്വത്തിലേക്ക് വരുന്നവർക്ക് ബീജിംഗിനോടുള്ള കൂറ് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി കൊണ്ടുവന്ന പരിഷ്കാരങ്ങൾക്കെതിരെയായിരുന്നു അന്നത്തെ പ്രക്ഷോഭം. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 2014 സെപ്തംബർ 22 ന് ആരംഭിച്ച പ്രക്ഷോഭം ഡിസംബർ 15 നാണ് അവസാനിച്ചത്. വിദ്യാർത്ഥികളെ പിന്തുണച്ച് പൗരാവകാശ പ്രവർത്തകരും പൊതുജനങ്ങളും മുന്നോട്ടു വന്നതോടെ ഹോങ്കോംഗ് അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ഒരു ഘട്ടത്തിൽ മഞ്ഞറിബണും മഞ്ഞക്കുടയും പിടിച്ചാണ് പ്രക്ഷോഭകർ പ്രധാന ഗവൺമെന്റ് ഓഫീസുകൾ ഉപരോധിച്ചത്. ഒട്ടേറെ പൗരാവകാശ പ്രവർത്തകരും വിദ്യാർത്ഥികളും അറസ്റ്റ് ചെയ്യപ്പെട്ടു. നിരവധി വിദ്യാർത്ഥികൾക്ക് പൊലീസ് ലാത്തിചാർജിലും ടിയർഗ്യാസ് പ്രയോഗത്തിലും പരിക്കേറ്റു. ഒടുവിൽ ബീജിംഗിൽ നിന്നുള്ള നിർദ്ദേശപ്രകാരം പ്രക്ഷോഭങ്ങളെ പൊലീസ് അടിച്ചമർത്തി. തെരുവുകളിൽ നിന്നും സർക്കാർ ഓഫീസ് പരിസരങ്ങളിൽ നിന്നും പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ്, പ്രക്ഷോഭം അവസാനിപ്പിച്ചത്.
ഭരണകൂടം അയയുന്നു
ഹോങ്കോംഗ് ഭരണകൂടം, നിയമനിർമ്മാണസഭയിൽ അവതരിപ്പിച്ച ബില്ലിന്റെ രണ്ടാംവായന നടക്കേണ്ടിയിരുന്ന ജൂൺ 12 ന് നിയമസഭാമന്ദിരത്തിന് മുന്നിൽ പ്രക്ഷോഭകരുടെ ആഹ്വാനപ്രകാരം പത്തുലക്ഷം പേരാണ് കൂടിയത്. ഈ ബിൽ വിദ്യാർത്ഥികളിലെന്ന പോലെ ഹോങ്കോംഗിലെ വ്യവസായി സമൂഹത്തിലും ആശങ്ക പടർത്തി. നഗരത്തിൽ താമസിക്കുന്നവർ മാത്രമല്ല, ബിസിനസ് ആവശ്യങ്ങൾക്കും മറ്റും അവിടം സന്ദർശിക്കുന്നവരെയും കുറ്റവാളി എന്ന മുദ്ര ചാർത്തി ചൈനീസ് വൻകരയിലേക്ക് കൈമാറിയേക്കാം. അതുകൊണ്ടു തന്നെ ഈ ബിൽ നിയമമായാൽ തങ്ങളുടെ വ്യാവസായിക താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യവസായി സമൂഹവും ഭയപ്പെടുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ താത്പര്യമനുസരിച്ച് നിയമങ്ങളെ വ്യാഖ്യാനിക്കുന്ന സ്ഥിതിവിശേഷം തുടരുന്ന ചൈനയിൽ നിന്നും തങ്ങൾക്ക് ന്യായവും നീതിയും ലഭിക്കില്ലെന്ന് ഹോങ്കോംഗ് ജനത വിശ്വസിക്കുന്നു. ഈ ബില്ലിന്റെ ഉദ്ദേശ്യം, ഹോങ്കോംഗ് കുറ്റവാളികളുടെ സംരക്ഷിതമേഖലയായി മാറുന്നത് തടയാനും സാധാരണക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുമാണെന്ന് ചീഫ് എക്സിക്യൂട്ടീവ്, കാരി ലാം ആവർത്തിച്ച് പ്രഖ്യാപിച്ചെങ്കിലും ജനങ്ങൾ വിശ്വസിച്ചില്ല.
പ്രക്ഷോഭത്തിന് മുന്നിൽ ബിൽ മാറ്റി വച്ചതായി കാരി ലാം പ്രഖ്യാപിച്ചു. എന്നാൽ ബില്ലിന് നേതൃത്വം നൽകിയ കാരി ലാം രാജിവച്ചൊഴിയണമെന്നും ബിൽ നിരുപാധികം പിൻവലിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് പ്രക്ഷോഭകർ. ഈ ആവശ്യമുന്നയിച്ച് നിയമനിർമ്മാണസഭാ മന്ദിരത്തിന് പുറത്തുള്ള റോഡുകളിൽ പ്രക്ഷോഭകർ ഉപരോധം തുടരുകയാണ്.
ജൂൺ 16, ഞായറാഴ്ച ഹോങ്കോംഗിലെ തെരുവീഥികളിൽ നടത്തിയ ഉപരോധത്തിൽ ഇരുപതുലക്ഷം പേരാണ് പങ്കെടുത്തത്. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി മുപ്പത് വർഷം മുമ്പ് ടിയാനെൻമെൻ ചത്വരത്തിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ ടാങ്കുകളും തോക്കുകളുമായി നിഷ്കരുണം കൊന്നൊടുക്കിയ ചൈനീസ് ഭരണകൂടം കാരി ലാമിന് ശക്തമായ പിന്തുണയാണ് നൽകുന്നത്. രൂക്ഷമായ പ്രക്ഷോഭത്തിന് മുന്നിൽ കാരി ലാം ബിൽ തത്കാലം മാറ്റി വയ്ക്കുകയും പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തെങ്കിലും പിന്നീട് ബിൽ മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് പ്രക്ഷോഭകർ കരുതുന്നു. അതിനാലാണ് നിരുപാധികം പിൻവലിക്കണമെന്നും, കാരി ലാം രാജി വയ്ക്കണമെന്നും അവർ നിലപാടെടുത്തത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭത്തിൽ നിന്നും പിന്മാറില്ലെന്നാണ് അവർ നിശ്ചയിച്ചിട്ടുള്ളത്.
ലേഖകന്റെ ഫോൺ : 9847173177
ഇ-മെയിൽ : pssreekumarpss@gmail.com