1. പൊലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്നു. മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ ആക്രമിക്കുന്നതിന് ഇടെയാണ് പൊള്ളലേറ്റത്, തുടര്‍ന്ന് ഉണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്റെ വൃക്കകളെ ബാധിച്ചിരുന്നു. ഇന്ന് ഉച്ചയോടെ അജാസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ആയിരുന്നു അജാസ്. വൈകിട്ട് 5.30ന് ആയിരുന്നു മരണം. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.
2. അജാസ് കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്‌കാരം നാളെ വള്ളിക്കുന്നത്ത് നടക്കും. സൗമ്യയോട് തനിക്ക് കടുത്ത പ്രണയം ആയിരുന്നു എന്നും വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു എന്നും ആശുപത്രിയില്‍ വച്ച് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നും അജാസിന്റെ മൊഴി.
3.കോണ്‍ഗ്രസ് കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടു. പി.സി.സി പ്രസിഡന്റായി ദനേശ് ഗുണ്ടുറാവുവിനെയും വര്‍ക്കിംഗ് പ്രസിഡന്റായി ഈശ്വര്‍.ബി.ഖാന്ദ്രേയും നിലനിറുത്തി കൊണ്ടാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. കര്‍ണ്ണാടകയില്‍ സഖ്യ സര്‍ക്കാരില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കര്‍ണ്ണാടക പി.സി.സിയെ പിരിച്ച് വിട്ടത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.
4.സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത് എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാന്‍ രാഹുല്‍ ഗാന്ധിയോട് അവശ്യപ്പെട്ടിരുന്നത് എന്ന് ദനേഷ് ഗുണ്ടുറാവു പ്രതികരിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ദള്‍ സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. 28 സീറ്റില്‍ 25 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്.
5.കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നല്‍കുന്നത് വൈകിച്ചതില്‍ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം സി .പി .എമ്മിലെ വിഭാഗീയതയുടെ ഫലമാണ് എന്ന് കെ. സുധാകരന്‍ എം .പി. മന്ത്രി ഇ. പി ജയരാജന്റെ മകന് റിസോര്‍ട്ടിന് അനുമതി നല്‍കിയ സ്ഥലമായത് കൊണ്ടാണ് സാജന് അനുമതി നിഷേധിച്ചതെന്നും സുധാകരന്‍. കെ.സുധാകരന് ഭ്രാന്താണെന്ന് പ്രതികരിച്ചു ഇ. പി ജയരാജന്‍. പ്രവാസിയുടെ ആത്മഹത്യ. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആന്തുര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി.കെ ശ്യാമള. കെട്ടിട നിര്‍മാണത്തെ പറ്റി പരാതിയുണ്ടായിരുന്നു.
6.നിര്‍മാണ അനുമതി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയായിരുന്നു എന്നും ചെയര്‍ പേഴ്സണ്‍. നഗരസഭയ്ക്ക് യാതൊരു വിരോധവും സാജനോട് ഉണ്ടായിട്ടില്ല. കഴിഞ്ഞ എപ്രില്‍ 12നാണ് സാജന്‍ കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ചില പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പരിഹരിക്കണമെന്ന് സാജനോട് പിന്നീട് ആവശ്യപ്പെടുകയും ചെയ്തു. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിന് ഇടെ തന്നെ ഈ ഓഡിറ്റോറിയത്തില്‍ വിവാഹ പരിപാടികള്‍ നടന്നിരുന്നു എന്നും പി.കെ ശ്യാമള പറഞ്ഞു.
7.പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം. സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കണം. ഉടമസ്ഥാവകാശ രേഖ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായതിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണം. കമ്മീഷന്‍ കേസ് കണ്ണൂര്‍ സിറ്റിംഗില്‍ പരിഗണിക്കും.
8. കണ്ണൂര്‍ ആന്തൂരില്‍ ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം നിയമസഭയിലും. പ്രവാസിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാജന്റെ ആത്മഹത്യ ഗൗരവമായി പരിശോധിക്കും. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി. ലൈസന്‍സ് നല്‍കുന്നതിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാന്‍ ചീഫ് ടൗണ്‍ പ്ലാനറെ ചുമതലപ്പെടുത്തി എന്ന് മന്ത്രി എ.സി മൊയ്തീന്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി. കെട്ടിട നമ്പര്‍ നല്‍കാത്തതിനാലാണ് ആത്മഹത്യയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയസഭയില്‍ നിന്ന് ഇറങ്ങിപ്പോയി .
9.പരിക്കിനെ തുടര്‍ന്ന് ലോക കപ് ഇന്ത്യന്‍ ടീമില്‍ നിന്നും ശിഖര്‍ ധവാന്‍ പുറത്തേക്കു. പകരം ഋഷഭ് പന്തിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ശിഖര്‍ ധവാന് വിശ്രമം അനുവദിക്കുന്നത് ആയി ടീം മനേജ്മന്റ് ബി.സി.സിഐ.യുടെ അനുമതി തേടി. ഓസ്‌ട്രേലിയയും ആയുള്ള കളിക്കിടെയാണ് ശിഖര്‍ ധവാന്റെ വിരലിനു പരിക്കേറ്റത്. ഇതോടെ ഇനിയുള്ള ലോകകപ്പ് മത്സരങ്ങളില്‍ ശിഖര്‍ ധവാന്‍ ടീമില്‍ ഉണ്ടാകില്ല എന്ന് ഉറപ്പായി.
10. ലളിത കലാ അക്കാദമി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് എന്ന് മന്ത്രി എ.കെ ബാലന്‍. സ്വതന്ത്രമാണ് എന്ന ധാരണ അക്കാദമിക്ക് ഇല്ലെങ്കിലും മറ്റ് പലര്‍ക്കും ഉണ്ട്. ലളിത കലാ അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയമ പ്രകാരം. ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് സര്‍ക്കാര്‍ എതിരല്ല. സര്‍ക്കാരിന് ഒരു തരത്തിലുമുള്ള അസഹിഹിഷ്ണതയും ഇല്ല എന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എ.കെ ബാലന്‍. പ്രതികരണം അവാര്‍ഡ് പുനപരിശോധിക്കണം എന്ന ആവശ' അക്കാദമി തള്ളിയതിന് പിന്നാലെ.
11.ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ബില്‍ കൊണ്ട് വരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എല്ലാ സ്വകാര്യ ബില്ലുകള്‍ക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകാനാണ് സാധ്യതയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
12.ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എന്‍.കെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്ലിന് നോട്ടീസ് നല്‍കിയത്. ബില്ല് വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി കിട്ടിയത്. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാകും ഇത്. ശബരിമല ശ്രീധര്‍മ്മക്ഷേത്ര ബില്‍ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്