പറവൂർ : വൈദ്യുതി ടവർ ലൈൻ വലിക്കുന്നതിന് ശാന്തിവനത്തിലെ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചതിൽ പ്രതിഷേധിച്ച് സ്ഥലമുടമ മീന മേനോൻഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നിൽ മുടി മുറിച്ചു .കാവുകളിലെ മരം മുറിക്കുന്നതു ഭൂമിയുടെ മുടി മുറിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം . ആദ്യം മുറിച്ച മുടി മുഖ്യമന്ത്രിക്കും പിന്നീട് മൂന്നു തവണ മുറിച്ച മുടി വൈദ്യുതി വകുപ്പ് മന്ത്രിക്കും കെ.എസ്.ഇ.ബിക്കും പൊലീസിനും സമർപ്പിക്കുന്നതായി അവർ പറഞ്ഞു. മുടിയുടെ അറ്റം കത്രിക കൊണ്ടാണ് മുറിച്ചു മാറ്റിയത്.എട്ട് മരങ്ങളുടെ മുകൾഭാഗത്തെ ശിഖരങ്ങളാണ് വൈദ്യുതിബോർഡ് അധികൃതർമുറിച്ചത്. രാവിലെ ശിഖരങ്ങൾ മുറിക്കാൻ എത്തിയപ്പോൾ എ.ഐ.വൈ.എഫുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥർ തിരിച്ചുപോയി. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് മരംമുറിക്കുന്നത് തടഞ്ഞാൽ അറസ്റ്റു ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്ന് പ്രതിഷേധക്കാരെ മീന മേനോൻ പിന്തിരിപ്പിക്കുകയായിരുന്നു. . എല്ലാ സമരങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന മകളെ മരംമുറിക്കുന്നത് കാണാതിരിക്കാൻ രാവിലെ സ്കൂളിൽ വിട്ടയച്ചു. ഉച്ചയ്ക്കുശേഷം പൊലീസ് അകമ്പടിയോടെ ശിഖരങ്ങൾ മുറിച്ചു നീക്കുകയായിരുന്നു. .
. കാവുകളും കുളങ്ങളും മരങ്ങളും കൊണ്ട് സമൃദ്ധമായ ശാന്തിവനത്തിന് മുകളിലൂടെ ടവർ ലൈൻ വലിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ കുറെനാളായി സമരം നടത്തുകയാണ്.