all-party-meeting-

ന്യൂഡൽഹി: ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിർദ്ദശങ്ങൾ സമർപ്പിക്കാനായി പ്രത്യേക സമിതിക്ക് രൂപം നൽകാൻ തീരുമാനം.പ്രധാനമന്ത്രി വിളിച്ചുചേർത്ത വിവിധ പാർട്ടി അദ്ധ്യക്ഷന്മാരുടെ യോഗത്തിനുശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചതാണ് ഇക്കാര്യം.

യോഗത്തിൽ പങ്കെടുത്ത മിക്ക രാഷ്ട്രീയ പാർട്ടികളും ആശയത്തെ പിന്തുണച്ചുവെന്ന് രാജ്നാഥ് സിംഗ് അവകാശപ്പെട്ടു. ആശയം നടപ്പാക്കുന്നതിനെക്കുറിച്ച് സി.പി.എമ്മിനും സി.പി.ഐയ്ക്കും വ്യത്യസ്ത നിലപാടാണെങ്കിലും അവരും ആശയത്തെ എതിർത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആശയത്തെ പിന്തുണച്ചു.


സർവകക്ഷിയോഗത്തിലേക്ക് 40 പാർട്ടികളുടെ അദ്ധ്യക്ഷൻമാരെയാണ് ക്ഷണിച്ചിരുന്നത്. എന്നാൽ 21 പാർട്ടി അദ്ധ്യക്ഷൻമാർ മാത്രമാണ് യോഗത്തിനെത്തിയത്. പ്രധാന പ്രതിപക്ഷ പാർട്ടികളൊന്നും യോഗത്തിനെത്തിയില്ല. യോഗത്തിന് എത്തില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി.എസ്.പി അദ്ധ്യക്ഷ മായാവതി,​ സമാജ് പാർട്ടി നേതാവ് അഖിലേഷ് യാദവ്,​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,​ തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു,​ കെ.ചന്ദ്രശേഖര റാവു,​ എം.കെ. സ്റ്റാലിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.