binoy-kodiyeri-

കണ്ണൂർ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ​ ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതായി മുംബയ് പൊലീസ് വക്താവ് മഞ്ജുനാഥ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസെടുത്തെന്നും മുംബയ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പരാതി അന്വേഷിക്കുന്ന മുംബയിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ടാണ് കണ്ണൂരിലെത്തിയത്. എസ്ഐ റാങ്കിലുള്ള ഓഷിവാര സ്റ്റേഷനിലെ വിനായക് ജാദവ്, ദയാനന്ദ് പവാർ എന്നിവരാണ് എത്തിയത്. ഇവർ കണ്ണൂർ എസ്‌.പിയുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം എഫ്.ഐ.ആർ മുംബയ് പൊലീസ് വെള്ളിയാഴ്ച അന്ധേരി കോടതിയിൽ സമർപ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തുകഴിഞ്ഞാൽ ഓഷിവാര പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.

അതിനിടെ, മുംബയ് പൊലീസ് ബിനോയ് കോടിയേരിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആരോപണങ്ങൾ പൊലീസ് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.