crime

കൊല്ലം : അഞ്ചലിൽ പ്ളസ് ടു വിദ്യാർത്ഥിനിയായ 17കാരിയെ പീഡിപ്പിച്ച സഹപാഠിയും അയാളുടെ സഹോദരനും അറസ്റ്റിലായി. അഗസ്ത്യകോട് ഇജാസ് മൻസിലിൽ അഫ്‌സർ (18), ഇജാസ് (20) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടി യാത്രാസൗകര്യത്തിനായി മുത്തശ്ശിയുടെ വീട്ടിൽ നിന്നാണ് സ്‌കൂളിൽ പോയിരുന്നത്. ഫെബ്രുവരി 6ന് അഫ്‌സറിന്റെ പിറന്നാൾ ആഘോഷത്തിനായി പെൺകുട്ടിയും ചില സഹപാഠികളും അഗസ്ത്യകോടുള്ള അയാളുടെ വീട്ടിൽ എത്തി. ആഘോഷത്തിനിടെ പെൺകുട്ടിയെ അഫ്‌സർ പീഡിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷം ഇജാസ് രാത്രി കുളത്തുപ്പുഴയിൽ പെൺകുട്ടിയുടെ താമസസ്ഥലത്ത് എത്തി. അനുജൻ പീഡിപ്പിച്ച വിവരം അറിഞ്ഞെന്നും ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പറഞ്ഞു. അകത്ത് കയറിയ ഇജാസ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി. പിന്നീട് ഇരുവരും പീഡിപ്പിച്ച വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി 25000 രൂപ ആവശ്യപ്പെട്ടു. ഭീഷണി തുടർന്നതോടെ ബംഗളൂരിലെ ബന്ധുവഴി സുഹൃത്തിന്റെ അക്കൗണ്ടിൽ 25000 രൂപ നിക്ഷേപിച്ചു. സുഹൃത്തിന്റെ എ.ടി എം കാർഡ് ഇജാസിന് കൈമാറി. കാർഡുമായി പോയ ഇജാസ് 25000 രൂപയും ബാലൻസ് ഉണ്ടായിരുന്ന മൂവായിരം രൂപയും പിൻവലിച്ചു. ദിവസങ്ങൾക്കുള്ളിൽ ഇജാസ് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭയന്ന പെൺകുട്ടി കൈഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. ഭീഷണി തുടർന്നതോടെ പെൺകുട്ടി നാടുവിട്ട് ബംഗളൂരുവിലേക്ക് പോയി. അവിടെ നിന്ന് തിരിച്ചെത്തിച്ച് പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

കുളത്തുപ്പുഴ പൊലീസ് ഒന്നാം പ്രതി ഇജാസിനെ കഴിഞ്ഞ ദിവസം അഗസ്ത്യകോടുള്ള വീട്ടിൽ നിന്ന് പിടികൂടി. വൈകിട്ടോടെ രണ്ടാം പ്രതി അഫ്‌സറിനെ അഞ്ചൽ പൊലീസും അറസ്റ്റ് ചെയ്തു. പോക്‌സോ നിയമം ചുമത്തിയ ഇരുവരെയും പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.