കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പേര് പ്രതിയായ പ്രകാശൻ തമ്പി ദുരുപയോഗം ചെയ്‌തതായാണ് ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ന്റെ കണ്ടെത്തൽ. ബാലഭാസ്‌കറിന്റെ ഷോ കോ ഓർഡിനേറ്ററെന്ന് പറഞ്ഞാണ്, അദ്ദേഹത്തിന്റെ മരണശേഷം പ്രകാശൻ കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ പരിചയപ്പെടുന്നത്. പിന്നീട് സ്വർണക്കടത്തിന് രാധാകൃഷ്ണൻ വേണ്ട സഹായങ്ങൾ ചെയ്‌തു.
സ്വർണക്കടത്തിന്റെ മുഖ്യകണ്ണികളായ വിഷ്‌ണു സോമസുന്ദരവും പ്രകാശൻ തമ്പിയും ബാലഭാസ്‌കറിന്റെ മരണശേഷമാണ് അതിലേക്ക് തിരിഞ്ഞത്. അതിനു മുമ്പും ഇവർ ദുബായിലേക്ക് യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും അസ്വാഭാവികത തോന്നുന്നില്ല. സ്വർണം കടത്തിയതിന് തെളിവുകളുമില്ല. എന്നാൽ കഴിഞ്ഞ നവംബർ മുതൽ ഈ വർഷം മേയ് വരെ പ്രകാശൻ ഏഴുതവണയും വിഷ്‌ണു 10 തവണയും യാത്ര ചെയ്‌തു. ഈ യാത്രകളിലായി 220 കിലാേ സ്വർണം കൊണ്ടുവന്നതായാണ് ഡി.ആർ.ഐയുടെ നിഗമനം. ഇക്കാര്യത്തിൽ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. ഇരുവരുടെയും യാത്രാ കാലയളവിൽ പിടിയിലായ കാരിയർമാരും ദുബായിലേക്ക് പോയിട്ടുണ്ട്.
വിഷ്ണുവിന്റെ മൊഴിയിൽ നിർണായക വിവരങ്ങൾ
ഹൈക്കോടതിയുടെ നിബന്ധന പ്രകാരം കഴിഞ്ഞദിവസം കീഴടങ്ങിയ വിഷ്‌ണുവിൽ നിന്ന് ചില നിർണായക വിവരങ്ങളും ഡി.ആർ.ഐയ്‌ക്ക് ലഭിച്ചു. സ്വർണക്കടത്തിന്റെ മുഖ്യ കോ- ഒാർഡിനേറ്റർ വിഷ്‌ണുവാണ്. ദുബായിൽ എത്തുന്ന കാരിയർമാർക്ക് സ്വർണം എത്തിക്കുന്നതും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും ഇയാളുടെ അനുയായികളാണ്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്രചെയ്യാൻ കാരിയർമാർക്ക് ടിക്കറ്റെടുത്ത് നൽകുന്നതും സ്വർണം സ്വീകരിക്കുന്നതും ഇയാൾ ഏർപ്പെടുത്തുന്നയാളുകളാണ്. വിഷ്‌ണുവിൽ നിന്ന് സ്വർണക്കടത്തിൽ പങ്കുള്ള കൂടുതൽ കസ്‌റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. ഡി.ആർ.ഐയുടെ ചില ചോദ്യങ്ങളോട് ഇയാൾ മൗനം പാലിച്ചു. ചോദ്യംചെയ്യലിനോട് പൂർണമായും സഹകരിക്കാത്ത സാഹചര്യത്തിൽ വിഷ്‌ണുവിനെ ഉടൻ കസ്‌റ്റഡിയിൽ ആവശ്യപ്പെടുന്നതിനെക്കുറിച്ച് ഡി.ആർ.ഐ തീരുമാനമെടുത്തിട്ടില്ല. ബാലഭാസ്‌കറിന്റെ മരണശേഷമാണ് സ്വർണക്കടത്ത് തുടങ്ങിയതെന്ന് വിഷ്ണുവും പ്രകാശൻ തമ്പിയും മൊഴി നൽകിയിട്ടുണ്ട്.