baba-ramdev

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ പരാജയമായിരുന്നു സംഭവിച്ചത്. കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചത്ര സീറ്റുകൾ പോലും തിരഞ്ഞെടുപ്പിൽ നേടാനായില്ല. അതിന് വിപരീതമായി ബി.ജെ.പി വൻ മുന്നേറ്റമാണ് നടത്തിയത്. എന്തുകൊണ്ടാണ് കോൺഗ്രസ് തകർന്നടിഞ്ഞതെന്ന് നേതൃത്വം പരിശോധിച്ച് വരുന്നതിന്റെ സാഹചര്യത്തിൽ യോഗ ഗുരു ബാബാ രാംദേവിന്റെ വിചിത്രമായ കണ്ടെത്തലുകളാണ് ഇപ്പോൾ ച‌ർച്ചയാകുന്നത്.

മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരാണെന്നും എന്നാൽ രാഹുൽ ഗാന്ധി യോഗ ചെയ്യാത്തത് കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ തോറ്റുപോയതെന്നും രാംദേവ് പറയുന്നു. "മോദിജി പരസ്യമായി യോഗ ചെയ്യുന്നു. ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാലവരുടെ പിന്ഗാമിയായ രാഹുൽ ഗാന്ധി യോഗ ചെയ്യുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം തോറ്റുപോയത്. യോഗ ചെയ്യുന്നവർ അച്ഛേ ദിൻകാണുന്നു," - രാംദേവ് പറഞ്ഞു.

ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കര്യം പറഞ്ഞത്. ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. യോഗ ചെയ്യുന്നവർക്ക് നല്ല ദിവസങ്ങൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ പുകഴ്ത്തിയും അദ്ദേഹം സംസാരിച്ചു. അതേസമയം രാഹുൽ ഗാന്ധിയുമായി നല്ല സൗഹൃദത്തിലാണെന്നും രാംദേവ് പറഞ്ഞിരുന്നു.