കൊച്ചി: യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നേരിടുന്ന നടൻ വിനായകൻ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയിൽ വിനായകനെ അറസ്റ്റ് ചെയ്യുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് വിനായകൻ ഒരു ദേശീയ മാദ്ധ്യമത്തോട് വിഷയത്തിൽ പ്രതികരിച്ചത്.
"എനിക്ക് ഒന്നും പറയാനില്ല. അവൾ എന്താണോ ചെയ്യുന്നത് അത് പൂർത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. എന്നെ വിളിക്കുന്നവരുടെ കോളുകൾ ഞാന്‍ റെക്കോർഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കയ്യിൽ തെളിവുണ്ടെങ്കിൽ ഞാനാണ് അത് ചെയ്തതെന്ന് അവർക്ക് അത് തെളിയിക്കാൻ സാധിക്കുമെങ്കിൽ, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ," വിനായകൻ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ വയനാട്ടില്‍ ദളിത് പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനാണ് വിനായകനെ വിളിച്ചതെന്നാണ് യുവതി പറയുന്നത്. വിനായകനെ ഫോണിൽ വിളിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. കല്പറ്റ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വിനായകനിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെകുറിച്ച് യുവതി ഫേസ്ബുക്കിൽ വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആർ.എസ്.എസിന്റെ അജണ്ട കേരളത്തിൽ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞതിന് പിന്നാലെ രൂക്ഷമായ ജാതീയ അധിക്ഷേപമാണ് വിനായകൻ നേരിട്ടത്. ഇതിന് വിനായകൻ നൽകിയ മറുപടി ചർച്ചയായതിന് പിന്നാലെയാണ് യുവതി തനിക്ക് വിനായകനിൽ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കിയത്.