ജമ്മുകാശ്മീർ: ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സെെനികൻ തന്റെ കുടുംബത്തിനയച്ച അവസാന സന്ദേശത്തിന്റെ നടുങ്ങലിലാണ് കുടുംബം. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് മേജർ കേതൻ ശർമ്മ കൊല്ലപ്പെട്ടത്. സന്ദേശത്തോടെപ്പം തനിക്ക് പരിക്കേറ്റ ചിത്രവും മേജർ കുടുംബത്തിന് അയച്ചിട്ടുണ്ടായിരുന്നു. 'ചിലപ്പോൾ ഇതെന്റെ അവസാന ചിത്രമായിരിക്കും' എന്നായിരുന്നു കേതൻ അയച്ചത്.
അനന്ത്നാഗിലെ ബിജ്ബെഹാരയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് സെെന്യത്തിനേരെ ഭീകരരുടെ വെടിവയ്പ്പുണ്ടായത്. അതിന് മുന്നെ തിങ്കളാഴ്ച പുൽവായിലെ സൈനികവാഹനത്തിന് നേരെയും ഭീകരർ സ്ഫോടനം നടത്തിയിരുന്നു. ഭികരരുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് കേതൻ കുടുംബാംഗങ്ങളുള്ള ഗ്രൂപ്പിൽ തന്റെ ചിത്രത്തോടൊപ്പമുള്ള സന്ദേശം അയച്ചത്.
അതിന് ശേഷം കേതന് പരിക്കേറ്റ വിവരം സെെന്യം കുടുംബത്തിന് അറിയിച്ചിരുന്നു. എന്നാൽ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. പിന്നീടാണ് അവർ മരണവിവരം അറിയുന്നത്. ജന്മനാടായ മീററ്റിൽ കേതന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു.