തിരുവനന്തപുരം: ഹൊ ! എന്തൊരു ദുർഗന്ധമാണിത് ! അകത്തേക്ക് കയറുന്നവർ ശ്വാസം മുട്ടി ബോധം കെട്ടു വീണുപോകും. അത്രയ്ക്കുണ്ട് തുളച്ചു കയറുന്ന രൂക്ഷമായ ദുർഗന്ധം. പറഞ്ഞു വരുന്നത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ 'ആധുനിക" അത്യാഹിത വിഭാഗത്തിന്റെ കാര്യമാണ്. ഒരു ആശുപത്രി എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണമാണിത്.
ഇടുങ്ങിയ കവാടം, നാമമാത്രമായ വീൽചെയറുകളും സ്ട്രെച്ചറുകളും, ചികിത്സ ലഭ്യമാക്കുന്നതിന് ഇരുളടഞ്ഞ കുടുസുമുറികളും പിന്നെ, ദുർഗന്ധം വമിക്കുന്ന ശൗചാലയങ്ങൾ ... നിലവിലെ അത്യാഹിത വിഭാഗം പരാധീനതകളാൽ സമ്പന്നമാണ്. ഈ കുറവുകൾ പരിഹരിച്ച്, അത്യാധുനിക ചികിത്സ ഉറപ്പാക്കുന്നതിനാണ് സർക്കാർ പുതിയ അത്യാഹിത വിഭാഗം നിർമ്മിച്ചത്.
കെട്ടിട നിർമ്മാണം പൂർത്തിയായെങ്കിലും ചികിത്സാ ഉപകരണങ്ങൾ കൂടി സ്ഥാപിച്ചാലേ ഇവിടം പ്രവർത്തനക്ഷമമാകൂ. എന്നാൽ പുതുമയുടെ യാതൊരു അടയാളവും അവശേഷിപ്പിക്കാതെ പൊടിപിടിച്ച് കിടക്കുന്ന കെട്ടിടത്തിലെ മുറികളിൽ ദുർഗന്ധം കാരണം കയറാനാകാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന ആശുപത്രി വളപ്പിലാണ് ഇത്രയും അനാരോഗ്യകരമായ നിലയിൽ ഒരു കെട്ടിടം. ഇന്നലെ മാത്രം ഇവിടെ കണ്ട കാഴ്ചകളിലേക്ക്...
ഇപ്പോഴത്തെ അത്യാഹിതം
സ്ട്രെച്ചർ കണ്ടവരുണ്ടോ?
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് മെഡിക്കൽകോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിക്കുന്നത്. മിക്കവാറും അപകടങ്ങളിൽപ്പെട്ടവരെ എത്തിക്കുമ്പോൾ ആംബുലൻസ് ഡ്രൈവറും രോഗിയും മാത്രമാണുമുണ്ടാവുക. ഞാൻ ഈ നാട്ടുകാരനല്ലേ എന്ന മട്ടിൽ സെക്യൂരിറ്റി പ്രതിമ കണക്കെ നിൽക്കും. രോഗിയെ എങ്ങനേലും താങ്ങി പുറത്തിറക്കാമെന്നു വച്ചാലോ സ്ട്രെച്ചറുകൾ കിട്ടാക്കനിയാണ്. 30 സ്ട്രെച്ചറുകൾ അത്യാഹിത വിഭാഗത്തിലുണ്ടെന്നാണ് ഹെൽപ്പ് ഡെസ്കിൽ നിന്ന് കിട്ടിയ വിവരം. എല്ലാം രോഗികളുമായി ഓരോ വാർഡിൽ കറങ്ങി നടക്കുകയാണെന്നാണ് 'ന്യായം."
ഇതെന്ത് ടോയ് ലെറ്റ്
അത്യാഹിത വിഭാഗത്തിൽ ഇ.സി.ജി റൂമിന് മുന്നിലായി പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ടു വീതം ടോയ്ലറ്റുണ്ട്. അത്യാഹിത വിഭാഗത്തിൽ എവിടെ നിന്നാലും ടോയ്ലറ്റിലെ 'പരിമളം' ആസ്വദിക്കാം. വൃത്തിയില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിവിടം. മണ്ണും ചെളിയും അഴുക്കുമായി കാലെടുത്തു കുത്താൻ പോലും തോന്നില്ല.
അത്യാഹിത വിഭാഗത്തിൽ രോഗിയുമായെത്തിയാൽ നഴ്സോ അറ്റൻഡറോ സഹായിക്കാനെത്തുമെന്ന് നിങ്ങൾ കരുതേണ്ട. രോഗിയെ സ്ട്രെച്ചറിലേക്ക് കയറ്റുന്നതു മുതൽ വാർഡിൽ എത്തിക്കും വരെ സഹായിക്കാൻ ആരും ഉണ്ടാകില്ല.
കിടക്കകൾ കുറവാണേ!
അത്യാഹിത വിഭാഗത്തോട് ചേർന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും നിരീക്ഷണ മുറികളിൽ ആകെയുള്ള കിടക്കകളുടെ എണ്ണം കഷ്ടിച്ച് മുപ്പതാണ്. പരാധീനതകൾക്ക് നടുവിലുള്ള തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഇതിലും വൃത്തിയിലാണ് പ്രവർത്തിക്കുന്നതെന്ന് രോഗികൾ പറയുന്നു.
ഇരിക്കാൻ തറ ശരണം
ഇ.സി.ജി റൂമിന് മുന്നിലും രക്തം പരിശോധിച്ച് ഫലം വാങ്ങാനും മറ്റ് പരിശോധന ഫലങ്ങൾ വാങ്ങുന്ന കൗണ്ടറിനു മുന്നിലും കാത്തു നിന്ന് ക്ഷീണിക്കുമ്പോൾ ഇരിക്കണമെന്ന് തോന്നിയാൽ തറയല്ലാതെ വേറെ ഒരു ഇടമില്ല. ആകെയുള്ള മൂന്ന് കസേരയിൽ ഇരിക്കാൻ കുറഞ്ഞത് 50 പേരെങ്കിലും എപ്പോഴും കാണും. ബെഞ്ചിലാകട്ടെ കിടപ്പുരോഗികളും.
പുതിയ അത്യാഹിത വിഭാഗം
മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടത്തിന് സമീപം പ്രധാന റോഡിനോട് ചേർന്നാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കുന്നത്. എയിംസ് മാതൃകയിൽ നവീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ച് നിർമാണം പൂർത്തിയാക്കിയ കെട്ടിടം ഉപകരണങ്ങൾ കാത്ത് കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി. ബ്ലഡ് ബാങ്കും എക്സ്റേ യൂണിറ്റും അടക്കം പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പരമദയനീയം.
പേ ചെയ്യാതെ യൂസ് ചെയ്യാം
പുതിയ അത്യാഹിതത്തിലെ ഡോക്ടർമാരുടെ കൺസൾട്ടിംഗ് റൂമിൽ മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ഫലമോ ദുർഗന്ധം കാരണം നിൽക്കാനാവാത്ത അവസ്ഥ. ഇതിനോട് ചേർന്ന മുറിയിലാണ് ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നതെന്നത് ആശങ്കാജനകമായ കാര്യമാണ്. ഫാനുകളെല്ലാം കേടായ അവസ്ഥയിലാണ്. വാഷ്ബേസിനിലാകട്ടെ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം. പൊടിയും മണ്ണും ചെളിയും മറ്റൊരു വഴിക്ക്. ആകെ മൊത്തം ഗതികേടിന്റെ മറ്റൊരു പേര്. നിലവിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾ എക്സ്റേ അടക്കമുള്ള പരിശോധനകൾക്കായി ആശുപത്രി മുഴുവൻ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയായതിനാൽ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴിൽ ഒരുക്കാനാണ് വിപുലമായ സൗകര്യങ്ങളോടെ പുതിയ അത്യാഹിത വിഭാഗം ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്.
പുതിയ അത്യാഹിത വിഭാഗത്തിലൊരുക്കുമെന്ന് പ്രഖ്യാപിച്ച സൗകര്യങ്ങൾ
l എക്സ്റേ, അൾട്രാ സൗണ്ട് സ്കാൻ, സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ തുടങ്ങിയ അടിയന്തര പരിശോധനകളെല്ലാം തന്നെ ഈ ബ്ലോക്കിലെ ആദ്യനിലയിൽ സജ്ജമാക്കും
l തറനിരപ്പിൽ റിസപ്ഷൻ, ട്രയേജ്, വിവിധ അത്യാഹിത വിഭാഗങ്ങൾ, സർജിക്കൽ ഐ.സി.യു, മെഡിക്കൽ ഐ.സി.യു, ഓപ്പറേഷൻ തിയേറ്ററുകൾ, പ്രീ ഓപ്പറേഷൻ പോസ്റ്റ് ഓപ്പറേഷൻ മുറികൾ, 80 കിടക്കകളുള്ള ഒബ്സർവേഷൻ റൂം
l 8 ഓപ്പറേഷൻ തിയേറ്ററുകൾ
l സെപ്ഷ്യാലിറ്റികളായ സർജറി, ന്യൂറോ സർജറി, ഓർത്തോപീഡിക്സ് എന്നിവയ്ക്കും സർജറി പ്രൊസീജിയർ റൂം, ഓർത്തോ പ്രൊസീജിയർ റൂം
l ആംബുലൻസുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനായി വിപുലമായ പാർക്കിംഗ് സൗകര്യം