നേമം: വാഹനാപകടത്തിൽ സിഗ്നൽ ലൈറ്റ് തകർന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. തിരക്കേറിയ കരമന - കളിയിക്കാവിള ദേശീയപാതയിൽ വെളളായണി ജംഗ്ഷനിലെ സിഗ്നൽ സംവിധാനമാണ് തകരാറിലായിരിക്കുന്നത്.
സിഗ്നലുകളും ട്രാഫിക് പൊലീസും ഉള്ളപ്പോൾ പോലും അപകടങ്ങളും മരണങ്ങളും പതിവായ ഇത് വഴി ഭയത്തോടെയാണ് ജനങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നത്. മൂന്നാഴ്ച മുൻപാണ് നേമം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നഗരസഭയുടെ ടാങ്കർ ലോറി റോഡ് മുറിച്ചു കടക്കുകയായിരുന്ന സൈക്കിൾ യാത്രികനെ രക്ഷിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സിഗ്നൽ പോസ്റ്റിനെ ഇടിച്ച് തകർത്തത്. ഇതോടെ ഈ ഭാഗത്തെ ട്രാഫിക് സംവിധാനം താറുമാറായിരിക്കുകയാണ്.
വെളളായണി ക്ഷേത്രം റോഡിൽ നിന്നു ദേശീയപാതയിൽ പ്രവേശിക്കുന്നതിനും ദേശീയപാതയിൽ നിന്നു ശാന്തിവിള ആശുപത്രി റോഡിൽ പ്രവേശിക്കുന്നവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങൾക്കിടയിലൂടെ സർക്കസ് നടത്തി വേണം ഇവിടങ്ങളിലെ യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ.
സിഗ്നൽ സംവിധാനമില്ലാത്തതിനാൽ തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ അവർക്കും കഴിയുന്നില്ല. ഹൈവേ അതോറിട്ടിയും നഗരസഭയും കെൽട്രോണും സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ സിഗ്നൽ ലൈറ്റുകൾ കാലതാമസം കൂടാതെ പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് സൂചന. എത്രയും വേഗം ട്രാഫിക് ലൈറ്റുകൾ പുനഃസ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകട കേന്ദ്രങ്ങൾ
കരമന
പാപ്പനംകോട്
കാരയ്ക്കാമണ്ഡപം
വെളളളായണി
നേമം
പ്രാവച്ചമ്പലം
പള്ളിച്ചൽ