തിരുവനന്തപുരം:150-ാം പിറന്നാളാഘോഷിക്കാൻ സെക്രട്ടേറിയറ്റ് ഒരുങ്ങുന്നു. സെക്രട്ടേറിയറ്റിന് ഒന്നര പതിറ്റാണ്ട് തികയുന്നത് അടുത്ത വർഷം ആഗസ്റ്റിലാണ്. അതിനുമുമ്പേ അടിമുടി പരിഷ്കരിച്ച് സുന്ദരിയാക്കാനാണ് നീക്കം. ഇതിനുള്ള ശ്രമം സർക്കാർ തുടങ്ങി.
തലസ്ഥാന നഗരത്തിൽ എത്തുന്നവർക്ക് എന്നും അദ്ഭുതമാണ് സെക്രട്ടേറിയറ്റ്. അനക്സൊക്കെ വന്നെങ്കിലും സെക്രട്ടേറിയറ്റിനുള്ളിലെ നോർത്ത്, സൗത്ത് ബ്ളോക്കുകൾ വിസ്മയമായി നിലകൊള്ളുന്നു. രണ്ടുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാംനില 8448 ചതുരശ്രമീറ്ററും രണ്ടാംനില 6665 ചതുരശ്ര മീറ്ററും വിസ്തീർണമുള്ളതാണ്. പ്രശസ്തമായ ക്ളോക്ക് ടവർ, ഡർബാർ ഹാൾ, എക്സൈസ്, ട്രാൻസ്പോർട്ട് മന്ത്രിമാരുടെ ഓഫീസുകൾ, ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ഒരു ഭാഗം, പൊതുഭരണം (അക്കൗണ്ട്സ്), വിജിലൻസ് - നിയമ സെക്രട്ടറിമാരുടെ ഓഫീസുകളാണ് പ്രധാനകെട്ടിടത്തിൽ.
സെക്രട്ടേറിയറ്റിനോളം പഴക്കമുണ്ട് ഘടികാരത്തിന്. 1867ൽ വിക്ടോറിയ രാജ്ഞി ആയില്യം തിരുനാൾ രാമവർമ്മയ്ക്ക് സമ്മാനമായി നൽകിയതാണിത്. സെക്രട്ടേറിയറ്റ് സ്ഥാപിച്ചപ്പോൾ അവിടെ ഈ ക്ളോക്കും സ്ഥാപിച്ചു. കിഴക്കും പടിഞ്ഞാറും ഭാഗത്തായി രണ്ട് ഡയലുകളാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് നാല് ഡയലാക്കി. ഒരു ഇരുമ്പു ദണ്ഡിലാണ് നാല് ഡയലുകളും ഒന്നിപ്പിച്ചിരിക്കുന്നത്. വൈൻഡിം ഗ് ലിവറിൽ കീ കൊടുത്താണ് ക്ലോക്ക് പ്രവർത്തിപ്പിക്കുന്നത്. 300 കിലോ ഭാരമുള്ള കപ്പിയിലാണ് കീ കൊടുക്കുന്നത്. 48 മണിക്കൂർ ഇടവിട്ടാണ് കീ കൊടുക്കുക. ആഴ്ചയിൽ ഒരിക്കൽ കപ്പിയിലും കയറിലും ഓയിലും മാസത്തിൽ ഒരു തവണ ഗ്രീസുമിടും.
സൂചികൾ ഒരുതവണ ചുറ്റിവരാൻ മൂന്നുമുതൽ അഞ്ച് മിനിട്ട് വേണം. റോമൻ അക്ഷരങ്ങളാണ് ക്ലോക്കിലുള്ളത്.
രാവിലെ ആറു മണിക്ക് ക്ലോക്കിൽ ബെല്ലടിക്കുമ്പോഴാണ് സെക്രട്ടേറിയറ്റിന് മുകളിലെ പതാക ഉയർത്തുന്നത്. ക്ലോക്കിൽ ആദ്യ മണി മുഴങ്ങുമ്പോൾ പതാക ഉയർത്താൻ തുടങ്ങും. ആറാമത്തെ മണിനാദം അവസാനിക്കുമ്പോൾ പതാക മുകളിലെത്തും. വൈകിട്ട് ആറു മണിക്ക് പതാക താഴ്ത്തുന്നതും ഇങ്ങനെതന്നെ.
നവീകരണത്തിന് കോടികൾ
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ നവീകരണ പ്രവർത്തനങ്ങൾ ആഗസ്റ്റിൽ തുടങ്ങും. 100 മുതൽ 200 കോടി വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആഗസ്റ്റിൽ നവീകരണം തീരുന്ന തരത്തിലുള്ള പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ പൈതൃകസൗന്ദര്യം നിലനിറുത്തിക്കൊണ്ടാണ് നവീകരണം.
നവീകരണത്തിനായുള്ള രൂപരേഖ തയ്യാറാക്കാനും ടെൻഡർ നടപടികൾക്കുമായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പൊതുഭരണം, പൊതുമരാമത്ത്, സാംസ്കാരിക, പുരാവസ്തുവകുപ്പുകൾ സംയുക്തമായാണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ജൂലായ് 15 വരെ ടെൻഡറുകൾ സമർപ്പിക്കാം. പുതിയ മാതൃക, പൈതൃകസംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ടെൻഡറിൽ പ്രാധാന്യം നൽകും. സെക്രട്ടേറിയറ്റിനുള്ളിലെ വഴികൾ പലതും ഇടുങ്ങിയതാണ്.
ഇവയെല്ലാം വിസ്തൃതിയുള്ളതാക്കി ഉൾവശം കൂടുതൽ സ്ഥലസൗകര്യങ്ങളുള്ളതുമാക്കും. തറയിൽ പാകിയിരിക്കുന്ന പലകകൾ പലതും കേടുവന്നിട്ടുണ്ട്. കുമ്മായക്കെട്ടുകളും ഇളകിയ നിലയിലാണ്. തലങ്ങുംവിലങ്ങുമായി കിടക്കുന്ന ടെലിഫോൺ, ഇന്റർനെറ്റ്, വൈദ്യുതകേബിളുകൾ എന്നിവയെല്ലാം ഒരുമിച്ച് ഒരു പൈപ്പിനുള്ളിലൂടെയാക്കാനും ആലോചനയുണ്ട്. പൈതൃകസംരക്ഷണത്തോടൊപ്പം സൗന്ദര്യവത്കരണത്തിനും മുൻഗണന നൽകും. പൂന്തോട്ടം നവീകരിക്കും.
തുടങ്ങിയത് ആയില്യം തിരുനാൾ
1865 ഡിസംബർ ഏഴിന് ആയില്യം തിരുനാൾ മഹാരാജാവാണ് സെക്രട്ടേറിയറ്റിന്റെ ശിലാസ്ഥാപനം നടത്തിയത്. 1.70 ലക്ഷമാണ് ചെലവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നാലുവർഷം കൊണ്ട് പണി പൂർത്തിയായപ്പോൾ ഒമ്പത് ലക്ഷമായി. ചുണ്ണാമ്പ്, കക്ക, മണൽ, തടി, ചെങ്കല്ല് എന്നിവ ചേർത്തുളള്ള മിശ്രിതമാണ് നിർമ്മാണത്തിനുപയോഗിച്ചത്.
ഗ്രീക്ക്, റോമൻ, ഡച്ച് ശില്പമാതൃകകൾ സമന്വയിപ്പിച്ചായിരുന്നു നിർമ്മാണം.