തിരുവനന്തപുരം: കൊച്ചു കൊച്ചു ചിത്രങ്ങൾ അതിലൂടെ ആസ്വാദകരിലേക്ക് എത്തിക്കുന്നത് വലിയ ആശയങ്ങളും പിന്നെ വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പച്ചയായ ആവിഷ്കാരമായി ഡോക്യുമെന്ററികളും. കൊച്ചു ചിത്രങ്ങളുടെ വലിയമേള തലസ്ഥാനത്ത് തുടങ്ങുകയാണ്.
നാളെ മുതൽ 26 വരെ നടക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേമേളയിൽ 262 ചിത്രങ്ങളുണ്ടാകും. കഴിഞ്ഞ വർഷം 206 ചിത്രങ്ങളാണുണ്ടായിരുന്നത്. കൈരളി, നിള, ശ്രീ തിയേറ്ററുകളാണ് വേദികൾ. അഗസ്റ്റിനോ ഫെറന്റേ സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രമായ സെൽഫിയാണ് ഉദ്ഘാടന ചിത്രം.
രണ്ടു യുവാക്കളുടെ കാമറക്കാഴ്ചകളിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട കോണുകളിലെ സംഘടിത കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പരീക്ഷണാത്മക സംരംഭമാണ് 86 മിനിട്ട് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി. പ്രശസ്ത തമിഴ് സംവിധായകൻ പാ.രഞ്ജിത്തിന്റെ മഗിഴ്ചി ഉൾപ്പെടെ ആറു മ്യൂസിക് വീഡിയോകളും ഒമ്പത് അനിമേഷൻ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഈയിടെ അന്തരിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന്റെ അമരക്കാരി ആഗ്നനസ് വാർദ, ലബനീസ് സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ ജോസ്ലിൻ സാബ് എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അമേരിക്കൻ സംവിധായകൻ ബിൽമോറിസണിന്റെ ദ ഗ്രേറ്റ് ഫ്ലെഡ് ഉൾപ്പെടെ മൂന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും.
അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ സുഖാന്ത്യവും മേളയിലുണ്ട്. ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ചലച്ചിത്ര അക്കാഡമി നിർമ്മിച്ച ഋതുരാഗം എന്ന ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും. മേളയുടെ ഭാഗമായി ഫേസ് ടു ഫേസ്, ഇൻ കോൺവർസേഷൻ, സെമിനാർ എന്നിവ ഉണ്ടായിരിക്കും. അന്തരിച്ച ഡോക്യുമെന്ററി സംവിധായകൻ സി. ശരത്ചന്ദ്രന്റെ പേരിലുള്ള അനുസ്മരണ പ്രഭാഷണം ദ ഹിന്ദുവിന്റെ മുൻ റൂറൽ എഡിറ്റർ പി. സായ്നാഥ് നിർവഹിക്കും. ഡോക്യുമെന്ററി ബോധനശാസ്ത്രം എന്ന വിഷയത്തെക്കുറിച്ച് 25ന് ഹോട്ടൽ ഹൊറൈസണിൽ സെമിനാർ നടക്കും.
മത്സരവിഭാഗത്തിൽ - 63 ചിത്രങ്ങൾ
അന്താരാഷ്ട്ര വിഭാഗത്തിൽ - 44 ചിത്രങ്ങൾ
ഫോക്കസ് വിഭാഗത്തിൽ - 74 ചിത്രങ്ങൾ
മലയാളം വിഭാഗത്തിൽ - 19 ചിത്രങ്ങൾ
ശ്രദ്ധിക്കപ്പെടുന്നവ
l അടൂർ ഗോപാലകൃഷ്ണന്റെ
ഹ്രസ്വചിത്രം 'സുഖാന്ത്യം"
l പാ. രഞ്ജിത്തിന്റെ മ്യൂസിക്
ആൽബം മഗിഴ്ചി
l അനിമേഷൻ ചിത്രങ്ങൾ 9
l ശ്രീകുമാരൻ തമ്പിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഋതുരാഗം
www.idsffk.in എന്ന വെബ്സൈറ്റിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. മുതിർന്നവർക്ക് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഫീസ്. ഇന്നു മുതൽ പാസുകൾ വിതരണം ചെയ്യും.