തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് 'അക്ഷരശോഭ"യേകുന്ന വിദ്യാലയ മുത്തശ്ശി 'പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ" എൺപതിന്റെ നിറവിലേക്ക്.
വിദ്യാർത്ഥികളുടെ എണ്ണത്തിലും പഠന, പാഠ്യേതര മികവിലും തിരുവനന്തപുരത്തിന് അഭിമാനമായി നിലകൊള്ളുന്ന വിദ്യാലയത്തിന് എൺപത് വയസ്സാകുമ്പോൾ അത് നഗരത്തിന്റെ വിദ്യാഭ്യാസചരിത്രം കൂടിയായി മാറുന്നു.
അശീതി വാർഷിക സമ്മേളനം നാളെ (ജൂൺ 21) രാവിലെ പത്തിന് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
മലങ്കര കത്തോലിക്കാ സഭയുടെ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന സ്കൂൾ സഭയുടെ പ്രഥമ വിദ്യാലയമാണ്. 1940ൽ മാർ ഇവാനിയോസ് തിരുമേനിയാണ് സ്ഥാപിച്ചത്. പന്ത്രണ്ട് അദ്ധ്യാപകരും 240 വിദ്യാർത്ഥികളുമായി തുടങ്ങിയ സ്കൂൾ ഇന്ന് 13,000ത്തിലധികം വിദ്യാർത്ഥികളും 400ലധികം അദ്ധ്യാപകരുമായി ഏഷ്യയിലെ തന്നെ വലിയ പൊതുവിദ്യാലയങ്ങളിലൊന്നാണ്.
അക്കാഡമിക് മികവ്
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഏറ്റവുമധികം വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന വിദ്യാലയമെന്ന ഖ്യാതി വർഷങ്ങളായി സെന്റ് മേരീസ് സ്കൂളിന് സ്വന്തമാണ്. 2019ൽ പത്താം ക്ലാസിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. 145 പേർ മുഴുവൻ എ പ്ലസ് നേടി. പ്ലസ് ടു പരീക്ഷയിൽ 96 ശതമാനം വിജയമാണ് നേടിയത്. രണ്ട് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും (1200) നേടാനായി.
ഈ വർഷം സംസ്ഥാനത്ത് ഏറ്റവും അധികം വിദ്യാർത്ഥികളെ അഞ്ച്, എട്ട്, പതിനൊന്ന് ക്ലാസുകളിലേക്ക് പ്രവേശനം നൽകിയതിന്റെ ക്രെഡിറ്റും പട്ടം സെന്റ് മേരീസിനാണ്. മൂവായിരത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി പ്രവേശനം നേടിയത്. ഇത് സംസ്ഥാന തലത്തിൽ തന്നെ റെക്കാഡ് നേട്ടമാണ്.
പാഠ്യേതര പ്രവർത്തനത്തിലും മുന്നിൽ
അര ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, ക്രിക്കറ്റ്, ഫുട്ബാൾ മാച്ചുകൾ സംഘടിപ്പിക്കാവുന്ന വലിപ്പത്തിലുള്ള ഗ്രൗണ്ട്, ഹൈടെക്ക് ആഡിറ്റോറിയം തുടങ്ങിയവ സ്കൂളിന്റെ ആകർഷണങ്ങളാണ്. 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസുവരെ എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വന്തമായി സ്കൂൾ എഫ്.എം റേഡിയോ സ്റ്റേഷൻ, സിവിൽ സർവീസ്, ഡിബേറ്റ്, ക്വിസ്, പ്രസംഗം, അഭിനയം, ചലച്ചിത്രനിർമ്മാണ പരിശീലനം എന്നിവയിൽ ക്ലബുകളും പരിശീലനക്കളരികളും ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ അക്കാഡമികളും സ്കൂളിലുണ്ട്.
80ൽ പുതിയ പദ്ധതികൾ
അശീതിയുടെ നിറവിലുളള സ്കൂളിൽ വിർച്വൽ തിയേറ്ററും ഡിജിറ്റിലൈസ്ഡ് ലൈബ്രറിയും ഇക്കൊല്ലം ആരംഭിക്കും. സ്കൂളിന്റെ ചരിത്രം പറയുന്ന മ്യൂസിയത്തിന്റെ പ്രവർത്തനങ്ങളും നടന്നുവരുന്നു.
പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എ പ്ലസ് വിജയികളെ ആദരിക്കും.
അന്തരിച്ച അദ്ധ്യാപകൻ സന്തോഷ് വിൽസന്റ പേരിൽ 14, 000 രൂപയുടെ ക്യാഷ് അവാർഡും നൽകും.
ആകാശപാത ജൂലായിൽ
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരസഭയുമായി ചേർന്ന് സ്കൂളിന് മുന്നിൽ നിർമ്മിക്കുന്ന ആകാശപാത ജൂലായിൽ പൂർത്തിയാക്കുമെന്ന് മേയർ വി.കെ പ്രശാന്ത് പറഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ സന്ദർശിച്ചതിന് ശേഷം സ്കൂൾ അധികൃതരെ മേയർ അറിയിച്ചതാണിത്. ഏപ്രിലിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ആരംഭിച്ച പാലത്തിന്റെ നിർമ്മാണം വിവിധ കാരണങ്ങളാൽ നീണ്ടുപോയിരുന്നു. ഇപ്പോൾ നിർമ്മാണ പ്രവൃത്തികൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് ധാരണ. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിനു മുന്നിലെ മാതൃകയിലുള്ള പാലമാണ് നിർമ്മിക്കുന്നത്. മേൽപ്പാലം പൂർത്തിയായാൽ രാവിലെയും വൈകിട്ടും സ്കൂളിനു മുന്നിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് ഭയം കൂടാതെ റോഡിന് ഇരുവശത്തേക്കും സഞ്ചരിക്കാനുമാകും.