ഫഹദ് ഫാസിലിനെയും നസ്രിയയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൻവർ റഷീദ് സം വിധാനം ചെയ്യുന്ന ട്രാൻസ് ഓണത്തിനെത്തില്ല. ഓണം റിലീസ് പ്ളാൻ ചെയ്തിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാൻ വൈകുന്നതാണ് റിലീസ് മാറ്റാൻ കാരണം. ട്രാൻസിന്റെ ചിത്രീകരണം ഇപ്പോൾ ആംസ്റ്റർഡാമിൽ പുരോഗമിക്കുകയാണ്.
ആംസ്റ്റർഡാമിലെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം കേരളത്തിൽ രണ്ടാഴ്ചത്തെ ചിത്രീകരണം കൂടി ട്രാൻസിന് അവശേഷിക്കുന്നുണ്ട്.അമൽ നീരദാണ് ട്രാൻസിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. നവാഗതനായ വിൻസെന്റാണ് ട്രാൻസിന്റെ രചന നിർവഹിക്കുന്നത്.
ഫഹദിനെ വിവാഹം കഴിച്ചശേഷം സിനിമയോട് താത്കാലികമായി വിട പറഞ്ഞ നസ്രിയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് തിരിച്ചെത്തിയത്. നസ്രിയയ്ക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ അഭിനയിച്ചോട്ടെ എന്നതാണ് ഫഹദിന്റെ ലൈൻ. മനസിന് പൂർണ സംതൃപ്തി നൽകുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രം അഭിനയരംഗത്ത് തുടരാനാണ് നസ്രിയയുടെ തീരുമാനം.
അൻവർ റഷീദിന്റെ സംവിധാനത്തിൽ ഫഹദ് -നസ്രിയ ജോടികൾ വിവാഹശേഷം ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ യുവാക്കളും കുടുംബപ്രേക്ഷകരും ആകാംക്ഷയോടെയാണ് ഇൗ ചിത്രത്തെ കാത്തിരിക്കുന്നത്.
അൻവർ റഷീദ് നിർമ്മിച്ച് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്റെ ചിത്രീകരണ വേളയിലാണ് ഫഹദും നസ്രിയയും പ്രണയത്തിലായത്. ട്രാൻസിനുശേഷം നവാഗതനായ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.