ആലുവ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലുവ ട്രാഫിക് യൂണിറ്റിലെ സി.പി.ഒ എൻ.എ.അജാസിന് പൊലീസ് സേനയുടെ ഒദ്യോഗിക യാത്രാമൊഴിയുണ്ടാകില്ല. സാധാരണയായി സർവീസിലിരിക്കെ മരിക്കുന്ന പൊലീസുകാർക്കും ഉന്നത തലത്തിൽ വിരമിക്കുന്നവർക്കുമെല്ലാം മരിക്കുമ്പോൾ പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകാറുണ്ട്. എന്നാൽ, സഹപ്രവർത്തകയെ കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് മരണപ്പെട്ടതിനാലാണ് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കാൻ കാരണം.
അജാസ് ജോലി ചെയ്തിരുന്ന ആലുവ ട്രാഫിക് യൂണിറ്റിലും പൊതുദർശനം ഉണ്ടാകില്ല. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് പൊലീസ് തീരുമാനം. തുടർന്ന് വാഴക്കാലയിലെ വീട്ടിലെത്തിച്ച ശേഷം പടമുകൾ ജുമാമസ്ജിദിൽ കബറടക്കും. അജാസ് മരിച്ച വാർത്ത അറിഞ്ഞപ്പോഴും സഹപ്രവർത്തകർക്കെല്ലാം നിസംഗ ഭാവമായിരുന്നു. സഹപ്രവർത്തകരോട് സൗഹൃദങ്ങൾ സൂക്ഷിക്കാത്ത വ്യക്തിയായിരുന്നു അജാസ്. പരിശീലന കാലത്തും ഒപ്പമുണ്ടായിരുന്ന ബാച്ചിലെ മറ്റ് പൊലീസുകാരോടും അകലം സൂക്ഷിച്ചിരുന്നു. എന്നാൽ എൽപ്പിക്കുന്ന ജോലി കൃത്യമായി നിർവഹിച്ച് മടങ്ങുന്ന പ്രകൃതമായിരുന്നു അജാസിനെന്ന് മുൻ ട്രാഫിക് എസ്.ഐ മുഹമ്മദ് കബീർ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. പൊലീസുകാരിയെ കൊലപ്പെടുത്തിയതോടെയാണ് ഇയാൾ പൈശാചിക ചിന്തയുള്ള ആളായിരുന്നുവെന്ന് സഹപ്രവർത്തകർ തിരിച്ചറിഞ്ഞത്.
വീട് നിർമാണവുമായി ബന്ധപ്പെട്ട് ജൂൺ 9 മുതൽ 24 വരെ അവധിയെടുത്തിരുന്നു. അതിന് മുമ്പ് ഒരു മാസത്തിലേറെ മെഡിക്കൽ അവധിയും എടുത്തിരുന്നു. വീട് നിർമാണത്തിൽ അജാസ് കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്നാണ് വിവരം. പൊലീസ് സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്തതിന് പുറമെ അടുത്തിടെ പി.എഫിൽ നിന്നും രണ്ട് ലക്ഷം രൂപയും പിൻവലിച്ചിരുന്നു. ഈ പണമൊന്നും വീട് നിർമാണത്തിന് ചെലവഴിച്ചതായി വിവരമില്ല. 2018 ജൂലായ് മുതലാണ് ആലുവ ട്രാഫിക് സ്റ്റേഷനിൽ സി.പി.ഒയായി അജാസ് എത്തിയത്. അതിന് മുമ്പ് വർഷങ്ങളോളം കളമശേരി എ.ആർ.ക്യാമ്പിലായിരുന്നു. തൃശൂർ കെ.എ.പി. ബറ്റാലിയനിൽ വച്ച് അന്ന് സീനിയറായിരുന്ന അജാസ് സൗമ്യയ്ക്ക് പരിശീലനം നൽകിയിരുന്നതായും പറയുന്നു.