കണ്ണൂർ: യാത്രക്കാരോട് ക്രൂരത കാട്ടി വീണ്ടും കല്ലട ട്രാവൽസ്. ഇത്തവണ യാത്രക്കാരന്റെ തുടയെല്ല് പൊട്ടിക്കുകയാണ് കല്ലട ചെയ്തത്. പയ്യന്നൂർ സ്വദേശിയായ മോഹനാണ് കല്ലടയുടെ ക്രൂരതയിൽ പരിക്കേറ്റത്. അമിത വേഗത്തിൽ ബസ് ഓടിച്ച് വാഹനം ഹംപിൽ ചാടിച്ചപ്പോഴായിരുന്നു മോഹന്റെ തുടയെല്ല് പൊട്ടിയത്. മോഹന് പരിക്ക് പറ്റിയ ശേഷം വേണ്ട ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ല. ഈ സമയം വേദന കൊണ്ട് പുളയുകയായിരുന്നു മോഹൻ. ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവിൽ സ്വന്തം മകനാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ ഞായറാഴ്ച, പയ്യന്നൂരിനടുത്തുള്ള പെരുമ്പയിൽ നിന്നുമാണ് മോഹൻ ബസിൽ കയറിയത്. തുടർന്ന് ബസ് പുലർച്ചെ രണ്ടരയോടെ മൈസൂർ കടന്ന് അൽപ്പസമയത്തിനകമാണ് അപകടം സംഭവിച്ചത്. മോഹൻ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. തനിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് മോഹനൻ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാർ അത് ഗൗനിച്ചില്ല. ആശുപത്രിയിൽ എത്തിയ മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്ന് മാസം വിശ്രമം മോഹന് ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പരിക്കേറ്റ മോഹനുമായി സംസാരിച്ചു. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവം ആയതിനാൽ പരിഹാരം കാണുന്നതിന് പരിമിതി ഉണ്ടെന്നും, എന്നാൽ വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി. 'യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടത് പൊതുജനതാൽപ്പര്യം മാത്രമല്ല, സർവീസ് നടത്തുന്നവരുടേയും താൽപ്പര്യമാണ്. ഈ വസ്തുത കല്ലട ബസ് സർവീസ് നടത്തുന്നവർ ഇനിയും മനസിലാക്കിയിട്ടില്ല. ഇതിൽ വേണ്ട പരിഹാരങ്ങൾ ചെയ്യുന്നതാണ്.' മന്ത്രി പറഞ്ഞു.