ആലപ്പുഴ: പൊലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തിയ വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്കരന്റെ സംസ്കാരം ഇന്ന് രാവിലെ 11 മണിയോടെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. സൗമ്യയുടെ ഭർത്താവ് സജീവൻ ലിബിയയിൽ നിന്ന് ഇന്നലെ രാത്രിയാണ് നാട്ടിലെത്തിയത്.
വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം 10 മണിയോടെ വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. കേസിലെ പ്രതിയായ അജാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അജാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും.
പ്രതി മരിച്ചെങ്കിലും കൊലപാതകക്കേസിലെ അന്വേഷണം തുടരും. ക്രിമിനൽ കേസുകളിലെ പ്രതി മരണപ്പെട്ടാൽ കോടതിയിൽ വിശദമായ കുറ്റപത്രം സാധാരണയായി നൽകാറില്ല. അതേസമയം പ്രതിയുടെ മരണവും കേസിന്റെ സാഹചര്യവും വ്യക്തമാക്കി കോടതിയിൽ ചാർജ്ഷീറ്റ് സമർപ്പിക്കും. ഈ മാസം 15നാണ് മുൻ സഹപ്രവർത്തകനായ അജാസ് സൗമ്യയെ വെട്ടിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.