kallada-travels

മലപ്പുറം: യാത്രക്കാർക്ക് എതിരെയുള്ള ക്രൂരതകളുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച കല്ലട ട്രാവൽസിനെതിരെ പുതിയ ആരോപണം. ബസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കോട്ടയം സ്വദേശി ജോൺസൺ ജോസഫ് എന്നയാളാണ് ബസിന്റെ രണ്ടാം ഡ്രൈവർ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് ബസിനൊപ്പം ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ലീപ്പർ ബസിൽ വച്ചാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് യാത്രക്കാർ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് വിട്ടപ്പോൾ മുതൽ തന്നെ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് രാമനാട്ടുകര എത്തിയപ്പോൾ യാത്ര തുടരാൻ കഴിയില്ലെന്നും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്നും പറഞ്ഞ് യാത്രക്കാർ ബഹളം വച്ചു. തുടർന്നാണ് ബസ് അടുത്തുള്ള തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്.

എറെ നാളുകളായി യാത്രക്കാരോട് അങ്ങേയറ്റം തുടർച്ചയായി മോശമായി കല്ലട ബസ് ജീവനക്കാർ പെരുമാറുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു. ഞായറാഴ്ച, പയ്യന്നൂർ സ്വദേശിയായ മോഹനാണ് കല്ലടയുടെ ക്രൂരതയിൽ പരിക്കേറ്റത്. അമിത വേഗത്തിൽ ബസ് ഓടിച്ച് വാഹനം ഹംപിൽ ചാടിച്ചപ്പോഴായിരുന്നു മോഹന്റെ തുടയെല്ല് പൊട്ടിയത്. മോഹന് പരിക്ക് പറ്റിയ ശേഷം വേണ്ട ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ല. ഈ സമയം വേദന കൊണ്ട് പുളയുകയായിരുന്നു മോഹൻ. ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവിൽ സ്വന്തം മകനാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.