തിരുവനന്തപുരം.സിനിമയെക്കുറിച്ച് നൂതന ആശയങ്ങളും സ്വപ്നങ്ങളുമായി ഒരു ചെറുപ്പക്കാരൻ.സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ നെയ്യാറ്റിൻകരക്കാരൻ സുജിത് വിഘ്നേശറിന്റെ സ്വപ്നം പൂവണിയുകയാണ്.സുജിത് നിർമ്മിച്ച് സംവിധാനം ചെയ്ത ' രമേശൻ ഒരു പേരല്ല ' ഉടൻ കേരളത്തിലെ തീയറ്ററുകളിലെത്തും.മലയാള ദൃശ്യമാധ്യമ രംഗത്തും കനേഡിയൻ ദൃശ്യമാധ്യമ രംഗത്തും പ്രവർത്തിച്ച സുജിത്തിന്റെ ആദ്യ സിനിമയാണിത്.എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നതും എന്നാൽ ചിന്തിപ്പിക്കുന്നതുമാണ് ഈ ചിത്രമെന്ന് കൗമുദി ഓൺലൈനോട് സംസാരിക്കവെ സുജിത് പറഞ്ഞു.
കാനഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിക്കൊണ്ടാണ് സുജിതിന്റെ തുടക്കം.എഡ്മൺടണിൽ നടന്ന ഫെസ്റ്റിവലിൽ സലിം അഹമ്മദിന്റെ പുതിയ ചിത്രമായ ' ആൻഡ് ദി ഓസ്ക്കാർ ഗോസ് ടു ' വിനൊപ്പമായിരുന്നു രമേശൻ ഒരു പേരല്ല വേൾഡ് പ്രീമിയർ നടത്തിയത്.മണികണ്ഠൻ പട്ടാമ്പിയെന്ന അനുഗൃഹീത നടൻ നായകനാകുന്ന ഈ ചിത്രം ഒരു ഓൺലൈൻ ടാക്സി ഡ്രൈവറുടെ ജീവിതത്തിൽ നടക്കുന്ന കഥയാണ്.വൈകുന്ന നീതിയെന്ന പ്രമേയമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നതെന്ന് സുജിത് പറയുന്നു.
തികച്ചും പുതുമയുള്ള രീതിയിലാണ് ഈ സിനിമ ചിത്രീകരിച്ചത്.നിശ്ചിതമായ ഒരു തിരക്കഥയ്ക്കും സംഭാഷണത്തിനും പുറകെ പോകാതെ റിയലിസ്റ്റിക്കായിട്ടുള്ള ഇംപ്രവൈസേഷൻ എന്നരീതിയാണ് അവലംബിച്ചത്.ഓരോ ദിവസവും ചെയ്യേണ്ടതെന്താണെന്ന് മുൻകൂട്ടി തീരുമാനിക്കുമെങ്കിലും ഷൂട്ടിംഗിനിടയിൽത്തന്നെ സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുകയും ഓരോ ദിവസവും സിനിമ തത്ക്ഷണം പുതുക്കപ്പെടുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു.ഇത് പ്രേക്ഷകർക്ക് ഹൃദ്യമാകുമെന്ന് സുജിത് പറഞ്ഞു.റിയലിസ്റ്റിക് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായി ഇതിനെ വിശേഷിപ്പിക്കാം.2017 ആഗസ്റ്റ് 15 നു ഇന്ത്യ 71-ാം സ്വാതന്ത്യദിനം ആഘോഷിച്ച ദിവസം രമേശന്റെ ജീവിതം തികച്ചും അപ്രതീക്ഷിതമായ വഴികളിലൂടെ മറ്റൊരു ദിശയിലേക്ക് നീങ്ങുന്നു.ആ യാത്രയിലൂടെ നിയമ സംവിധാനത്തിലെ അപചയങ്ങളെ തുറന്നു കാട്ടാൻ ശ്രമിച്ചിട്ടുണ്ടെന്ന് സുജിത് പറഞ്ഞു.
മണികണ്ഠനു പുറമെ നടൻ മുകേഷിന്റെ സഹോദരീ പുത്രനായ ദിവ്യദർശൻ,കൃഷ്ണകുമാർ,കൃഷ്ണൻ ബാലകൃഷ്ണൻ,ഷൈലജ പി.അമ്പു ,രാകേഷ് ശർമ്മ തുടങ്ങിയവരും സ്കൂൾ ഓഫ് ഡ്രാമയിലെ ഒരു കൂട്ടം കലാകാരൻമാരും അഭിനയിക്കുന്നു. സുനിൽ പ്രേം ആണ് ഛായാഗ്രാഹണം .ജമിനി ഉണ്ണികൃഷ്ണൻ സംഗീതവും അർജ്ജുൻ മേനോൻ എഡിറ്റിംഗും നിർവഹിക്കുന്നു.
രമേശൻ ഒരു പേരല്ല എന്നു പറയുമ്പോൾ ആരുടെ ജീവിതത്തിലും സംഭവിക്കാവുന്ന കാര്യമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഓരോവ്യക്തിയും അവനവൻ ചെയ്യാനുള്ള കർത്തവ്യങ്ങൾ കൃത്യമായി ചെയ്താൽ ഒരുപക്ഷേ നമ്മുടെ പലരുടെയും ജീവിതം ഇന്ന് അനുഭവിക്കുന്നതിനേക്കാൾ ഉയർന്ന നിലയിലായിരിക്കും.നമ്മുടെ സുഹൃുത്തിനോ പരിചയക്കാരനോ എന്ത് സംഭവിച്ചാലും വേണ്ടില്ല,എന്റെ ജീവിതം നന്നായിരിക്കണം എന്ന് സ്വാർത്ഥമായി ചിന്തിക്കുന്ന ഒരു സമൂഹം ദിനംപ്രതി വളർന്നുവരുന്നുവെന്ന സാമൂഹികാവസ്ഥയിലേക്കും ചിത്രം വിരൽചൂണ്ടുന്നുണ്ട്.
അഭിനയം വിടില്ല
നടനാവുകയെന്ന സ്വപ്നവുമായാണ് സുജിത് തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് വണ്ടികയറിയത്.അവിടെ പഠിക്കുമ്പോൾ തന്നെ ജപ്പാനിലൊക്കെപ്പോയി നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.ജയപ്രകാശ് കുളൂരിന്റെ ഏകാങ്ക നാടകങ്ങൾ അവതരിപ്പിച്ച സുജിത്തിന് കാനഡയിലും പല വേദികളിൽ നാടകം ചെയ്യാനായി.ഇപ്പോൾ കാനഡയിൽ താമസിക്കുന്ന സുജിത് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തിയിട്ടുണ്ട്.സംവിധായകനെന്ന നിലയിൽ സുജിത്തിൽ നിന്ന് ഇനിയും ചിത്രങ്ങൾ പ്രതീക്ഷിക്കാം.സംവിധായകനായി മാത്രമല്ല സുജിതിനെ നടനായും പ്രതീക്ഷിക്കാം.അതാണ് സുജിത് വിഘ് നേശ്വർ ' ഒരു പേരുമാത്രമല്ല ' എന്നു പറഞ്ഞത്.