തിരുവനന്തപുരം: കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് ലളിതകലാ അക്കാദമി ഭരണസമിതിയും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലളിതകലാ അക്കാദമി സ്വതന്ത്രമല്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ.കെ ബാലൻ അക്കാദമിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. എ. ജയശങ്കർ
'നേമം പുഷ്പരാജിനെ ചെയർമാനായി നിയമിച്ചത്, ടിയാൻ മൈക്കലാഞ്ജലോ ആയതുകൊണ്ടല്ല പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർദേശിച്ചതു കൊണ്ടാണ്. കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. നമുക്ക് വോട്ടാണ് മുഖ്യം.' ജയശങ്കർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ലളിതകലാ അക്കാദമി പരമാധികാര റിപ്പബ്ലിക്കല്ല. കേരള സർക്കാരിനും മാർക്സിസ്റ്റ് പാർട്ടിയ്ക്കും കീഴിൽ പ്രവർത്തിക്കുന്ന ഒരു ഊച്ചാളി സ്ഥാപനം മാത്രമാണ്.
നേമം പുഷ്പരാജിനെ ചെയർമാനായി നിയമിച്ചത്, ടിയാൻ മൈക്കലാഞ്ജലോ ആയതുകൊണ്ടല്ല; പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർദേശിച്ചതു കൊണ്ടാണ്. അക്കാദമിയിലെ ബാക്കി പുങ്കന്മാരും പാർട്ടിയുടെ കാരുണ്യത്താൽ വന്നവരാണ്. അതുകൊണ്ട് മന്ത്രിയുടെ കല്പന അനുസരിക്കണം. അവാർഡ് കൊടുക്കാൻ പറഞ്ഞാൽ കൊടുക്കണം, പിൻവലിക്കാൻ പറഞ്ഞാൽ പിൻവലിച്ച് മാപ്പു പറയണം.
കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. നമുക്ക് വോട്ടാണ് മുഖ്യം. നേമം പുഷ്പരാജിൻ്റെ സ്ഥാനത്ത് പുത്തൻ പാലം രാജേഷ് ആണെങ്കിലും ലളിതകലാ അക്കാദമി ഭംഗിയായി മുന്നോട്ടു പോകും. അത് മറക്കരുത്.