pinarayi-vijayan

കുന്നത്തുനാട്ടിലെ അനധികൃത വയൽനികത്തൽ കേസിൽ പുതിയ ആരോപണവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവ്. നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ട കളക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് സ്പീക്ക്സ് പ്രോപ്പർട്ടീസ്(ഫാരിസ് അബൂബക്കറിന്റെ കമ്പനി) സമർപ്പിച്ച അപേക്ഷയെ റവന്യൂ സെക്രട്ടറി ശരിവച്ചുവെന്നുംഹരീഷ് വാസുദേവ് പറയുന്നു. മാസങ്ങളോളം പൂഴ്ത്തിവച്ച ഇടപാടിന്റെ ഫയൽ കണ്ട റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഇതിനെ എതിർത്തുവെന്നും എന്നാൽ റവന്യൂ മന്ത്രിയുടെ നടപടിയ്‌ക്കെതിരെ രംഗത്തെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഹരീഷ് ആരോപിക്കുന്നു.

നടപടി സ്റ്റേ ചെയ്യാൻ റവന്യൂ മന്ത്രിക്ക് അധികാരമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദേശത്തായിരുന്ന മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് ഉപദേശം തേടുകയും ഫയൽ അടിയന്തിരമായി ഫയൽ വരുത്തിക്കുകയും ചെയ്തു. തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് അഭിഭാഷകൻ ഇക്കാര്യങ്ങൾ പറഞ്ഞത്. നെൽവയൽ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന ഇടതുപക്ഷമാണ് ഇങ്ങനെയൊരു സമീപനം സ്വീകരിച്ചതെന്നും ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ.

ഒന്നും രണ്ടുമല്ല, 14 ഏക്കർ വയലാണ് കുന്നത്തുനാട് വില്ലേജിൽ സ്പീക്‌സ് പ്രോപ്പർട്ടീസ് ലിമിറ്റഡ് എന്ന (ഫാരിസ് അബൂബക്കറിന്റെ ബിനാമി കമ്പനി) നികത്താൻ അനുമതി തേടിയതും 2015 ൽ പാതിയോളം നികത്തിയതും.

നിയമവിരുദ്ധമായി നികത്തിയ വയൽ മണ്ണെടുത്ത് പൂർവ്വസ്ഥിതിയിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടു.

അത് ചോദ്യം ചെയ്തു കമ്പനി സമർപ്പിച്ച ഉത്തരവ് നിയമോപദേശം പോലും വകവെയ്ക്കാതെ റവന്യു സെക്രട്ടറി അനുവദിച്ചു. (PH കുര്യൻ റിട്ടയർ ചെയ്യുന്നതിന്റെ തലേന്ന് തിരക്കിട്ട് അനുവദിച്ചു എന്ന് മാധ്യമങ്ങൾ). കലക്ടറുടെ ഉത്തരവ് റദ്ദാക്കി കമ്പനിയോട് ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചോളാൻ ഈ ഇടതുസർക്കാർ ഉത്തരവിട്ടു.

എല്ലാ ഉത്തരവും വെബ്‌സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്ത്തിവെച്ചു.. മാസങ്ങൾ പൂഴ്ത്തിവെച്ച ഫയൽ റവന്യു മന്ത്രി അറിഞ്ഞപ്പോൾ, നൽകിയ അനുമതി താൽക്കാലികമായി മരവിപ്പിച്ചു..

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. വിദേശത്തായിരുന്ന മുഖ്യമന്ത്രി അടിയന്തിരമായി ഫയൽ വരുത്തിച്ചു.. അഡ്വ.ജനറലിനെക്കൊണ്ട് നിയമോപദേശം വാങ്ങി.. റവന്യു മന്ത്രിക്ക് അനുമതി സ്റ്റേ ചെയ്യാൻ അധികാരമില്ലത്രേ !!

നാഴികയ്ക്ക് നാൽപ്പത് വട്ടം നെൽവയൽ സംരക്ഷണം പറയുന്ന LDF ആണ്.. സുസ്ഥിര പരിസ്ഥിതി സൗഹൃദ കേരളം പണിയാൻ 31,000 കോടി ലോകബാങ്കിനോട് കടംവാങ്ങിയ മുഖ്യമന്ത്രിയാണ്... നെതർലാൻഡിൽ പോയി വെള്ളത്തിനു ഒഴുകാൻ സ്ഥലമുണ്ടാക്കണം ഇല്ലെങ്കിൽ വെള്ളപ്പൊക്കം ഉണ്ടാവുമെന്ന പരിസ്ഥിതി പാഠം പഠിച്ച മുഖ്യമന്ത്രിയാണ്...

14 ഏക്കർ പുഴയ്ക്ക് സമീപമുള്ള ഒന്നാംതരം വയൽ നികത്താൻ ഒരു റിയൽഎസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ എല്ലാം ദുരൂപയോഗിച്ചത്.. മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ ഉത്തരവിട്ട ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നടപടിയുമില്ലാത്തത് എന്തുകൊണ്ട് !! റദ്ദാക്കാത്തത് എന്തുകൊണ്ട്??

സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. LDF ഭരിക്കുമ്പോഴും വയൽ സംരക്ഷിക്കാൻ സർക്കാരിനെതിരെ കാശും ഊർജ്ജവും ചെലവാക്കി കോടതിയിൽ പോകേണ്ട അവസ്ഥയിലാണ് പരിസ്ഥിതി പ്രവർത്തകർ..

ഫാരിസും കൂട്ടരും നികത്തിക്കഴിഞ്ഞുള്ള വയൽ മതി നമുക്ക് സംരക്ഷിക്കാൻ എന്നാണോ CPIM സുഹൃത്തുക്കൾ പറയുന്നത്? മുഖ്യമന്ത്രിയുടെ തലയുമായി 'ഹരിത കേരള'ത്തിന്റെ ഒരു നൂറു ഫ്‌ളക്‌സ് കൂടി വെച്ചാലോ?

ആർജ്ജവമുണ്ടെങ്കിൽ ഈ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തു കാണിക്കൂ.