കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേരളത്തിലെത്തിയ മുംബയ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകാതെ കുഴയുന്നു. ബിനോയിയെ കസ്റ്റഡിയിലെടുക്കാൻ കണ്ണൂരിലെത്തിയ മുംബയ് പൊലീസിന് ബിനോയിയെ കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കിയ ബിനോയി നിലവിൽ ഒളിവിലാണെന്നാണ് സൂചന. ബിനോയിയെ കണ്ടെത്താൻ സഹായിക്കണമെന്ന് കേരള പൊലീസിനോട് മുംബയ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് ഇന്ന് ബിനോയിയുടെ വീട്ടിൽ എത്തിക്കും.
മുംബയിൽ നിന്നുള്ള എസ്. ഐ വിനായക് യാദവ്, എ. എസ്. ഐ ദേവാനന്ദ് പവാർ എന്നിവരാണ് ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. സംഘം കണ്ണൂർ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം ചർച്ച നടത്തി. മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണിൽ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. വിഷയം വിവാദമായ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിന് മുംബയ് പൊലീസ് കണ്ണൂരിലെത്തിയത്. പൊലീസ് സംഘം മാദ്ധ്യമങ്ങൾക്ക് മുഖം നൽകാൻ തയാറായില്ല.
ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെത്തിയും ഇവർ തെളിവുകൾ ശേഖരിച്ചു. അതേസമയം, കേസിന്റെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമല്ല, ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബയ് പൊലീസ് കണ്ണൂരിലെത്തിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എസ്.പിയുമായി മാദ്ധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോഴും തനിക്കൊന്നും അറിയില്ലെന്നും മുംബയ് പൊലീസുമായി ബന്ധപ്പെടമെന്നുമായിരുന്നു മറുപടി.
യുവതിക്കെതിരെ ബിനോയ് കോടിയേരി ഒന്നര മാസം മുൻപ് കണ്ണൂർ റെയ്ഞ്ച് ഐജിക്ക് പരാതി നൽകിയെങ്കിലും അതിലും നടപടിയൊന്നുമുണ്ടായില്ല. യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി യുവതി അയച്ച കത്ത് സഹിതമാണു ബിനോയ് പരാതി നൽകിയത്. പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പരാതി കണ്ണൂർ റെയ്ഞ്ച് ഐ.ജി തുടർ നടപടികൾക്കായി കണ്ണൂർ എസ്.പിക്ക് കൈമാറുകയായിരുന്നു. ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ ജൂൺ 13 ന് രജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്ക്കെതിരെ വഞ്ചന അടക്കം വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിനോയിയോട് ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.