kochi-

തിരുവനന്തപുരം: മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയെയും ജൂതവംശജരെയും ലക്ഷ്യംവെച്ച് ഐസിസ് ഭീകരാക്രമണ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ കൊച്ചിയിലെ ഷോപ്പിംഗ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കൊച്ചിയിലെ പ്രധാനപ്പെട്ട മാളുകൾ ഐസിസ് ഭീകരാക്രമണത്തിന് തിരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യം വിശദീകരിക്കുന്ന കത്ത് ഇന്റലിജൻസ് ഉന്നത പൊലീസ് മേധാവികൾക്ക് കൈമാറി. ദേശീയ മാദ്ധ്യമമായ എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോട്ട് ചെയ്തത്.

ഐസിസ് ഭീകരർക്ക് ഇറാഖ്, സിറിയ, തുടങ്ങിയ ശക്തി കേന്ദ്രങ്ങളിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ണുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതാത് രാജ്യങ്ങളിൽ നിന്ന് ഐസിസിൽ ചേർന്നിട്ടുള്ളവരെ തിരികെ എത്തിച്ച് ആക്രമണം നടത്താനാണ് പദ്ധതി. ഐസിസുമായി

ബന്ധപ്പെട്ട സൈബർ പ്രവർത്തനങ്ങൾ രാജ്യത്ത് ഇപ്പോൾ സജീവമാണ്. അതിനാൽ എപ്പോൾ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്ന് കത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് പൊലീസിന് ഇന്റലിജൻസ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയിൽ ഭീകരാക്രമണത്തിന് സാദ്ധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കേരളത്തെ കൂടാതെ കാശ്മീർ, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിലാണ് ഐസിസ് സാന്നിദ്ധ്യം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ സന്ദേശങ്ങൾ ടെലഗ്രാം വഴിയാണ് കൈമാറുന്നതെന്നാണ് വിവരം. ഇന്ത്യയും ശ്രീലങ്കയുമാണ് ഇപ്പോൾ ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങൾ. കേരളത്തിൽ നിന്ന് നൂറോളം പേരാണ് ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി രാജ്യം വിട്ടത്. 21 കൗൺസിലിംഗ് സെന്ററിലായി നടത്തിയ നിരന്തരമായ കൗൺസിലിങ്ങുകളിലൂടെ 3000 പേരെ ഭീകരവാദ ആശയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനായെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇവർ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരിൽ ഭൂരിഭാഗം ആളുകളും ഉത്തരകേരളത്തിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

250 പേർ കൊല്ലപ്പെട്ട ശ്രീലങ്കൻ ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തിലെ 30 പേർ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയെയും ജൂതവംശജരെയും ലക്ഷ്യംവെച്ച് ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് സുരക്ഷ വർദ്ധിച്ചു. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു വിവരം പൊലീസിന് ലഭിച്ചത്. പള്ളിക്ക് മുന്നിലെ എയ്ഡ് പോസ്റ്റിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും പ്രത്യേക പട്രോളിംഗ് സംഘത്തെ ചുമതലപ്പെടുത്തിയുമാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. ഭീകരാക്രമണ സാദ്ധ്യതയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് മാർച്ചിൽ ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കിയിരുന്നു.

ഫോർട്ട്‌കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് പലയിടങ്ങളിലും ക്രൈസ്തവർക്കെതിരായ ഭീകരാക്രമണങ്ങൾ നടന്നേക്കുമെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് ഐസീസ് കേസിൽ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ എൻ.ഐ.എക്ക് മൊഴി നൽകിയിരുന്നു. സ്‌ഫോടന സാമഗ്രികൾ സംഘടിപ്പിക്കാൻ റിയാസിനോട് ഐസിസിൽ ചേർന്നവർ നിർദേശിച്ചിരുന്നു. വിദേശികൾ ഒത്തുകൂടുന്ന ഇടങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഒപ്പമുള്ളവർ ഇതിനെ പിന്തുണച്ചില്ലെന്നും ഇതോടെ പദ്ധതി നടപ്പായില്ലെന്നുമാണ് റിയാസ് മൊഴി നൽകിയിരുന്നത്. 2016ൽ ഐസിസ് ഭീകരരുടെ കേരള ഘടകം അൻസാറുൾ ഖലീഫ കൊച്ചിയിലെ ജൂതപ്പള്ളിയും ജൂതവംശജരെയും ലക്ഷ്യംവെച്ച് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് കേന്ദ്ര ഐ.ബിക്കു വിവരം കൈമാറിയിരുന്നു.