ന്യൂഡൽഹി: നോയ്ഡയിൽ ലൈംഗിക തൊഴിൽ ചെയ്യുന്ന മൂന്ന് സ്ത്രീകളെ കൂട്ടമാനഭംഗം ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ, ടാക്സി ഡ്രൈവർ എന്നിവർ ഉൾപ്പെട്ട സംഘമാണ് സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചത്. സ്ത്രീകളെ ഇവർ നിഷ്‌കരുണം മർദ്ധിച്ചതായും പറയുന്നു. സംഭവത്തിൽ 7 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടന്ന സംഭവത്തെക്കുറിച്ച് പിറ്റേന്ന് പുലർച്ചെ 5 മണിക്കാണ് പൊലീസിന് വിവരം ലഭിക്കുന്നത്.
ഡൽഹിയിലെ ലാജ്പത്ത് നഗറിൽ ഉപഭോക്താക്കളെ കാത്ത് നിൽക്കുകയായിരുന്നു ലൈംഗിക തൊഴിലാളികൾ. ഇവരുടെ അടുത്തേക്ക് സ്വിഫ്‌റ്റ് ഡിസൈർ കാറിലും,ഒല ക്യാബിലുമായി കുറ്റവാളികൾ എത്തിച്ചേരുകയായിരുന്നു. രാത്രി 11 മണിയോടടുത്ത് എത്തിയ യുവാക്കൾ ഒരോ സ്ത്രീയ്ക്കും 3000 രൂപ എന്ന നിരക്കിൽ സ്ത്രീകളുമായി കരാറുറപ്പിക്കുകയും നോയിഡയിലുള്ള സെക്ടർ 18ലുള്ള ഫാം ഹൗസിലേക്ക് തങ്ങളോടൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. തങ്ങളെ കൂടാതെ രണ്ട് പുരുഷന്മാർ കൂടി ഉണ്ടാകും എന്നും ഇവർ സ്ത്രീകളോട് പറഞ്ഞു. 3600 രൂപ ഇവർ മുൻകൂട്ടി സ്ത്രീകളെ ഏൽപ്പിച്ചിരുന്നു.
എന്നാൽ സെക്ടർ 135ലേക്കാണ് ഇവർ കാർ വിട്ടത്.പറഞ്ഞതിൽ നിന്നും വിഭിന്നമായി രണ്ട് പേർക്ക് പകരം 7 പേരാണ് അവിടേക്കെത്തിയത്. ഇതിനെ തുടർന്ന് സ്ത്രീകൾ തങ്ങളുടെ വിസ്സമ്മതം അറിയിക്കുകയും തിരികെ ഡൽഹിയിലേക്ക് പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് അനുവദിക്കാതെ യുവാക്കൾ സ്ത്രീകളെ ക്രൂരമായി മർദിക്കുകയും ശേഷം കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്തു. ഇവർക്ക് നേരത്തെ കൊടുത്ത പണം കുറ്റവാളികൾ തട്ടിപ്പറിച്ചു. പൊലീസ് ഈ ഫാം ഹൗസ് സീൽ ചെയ്തിട്ടുണ്ട്.