ഗൗരിഅമ്മ കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ വിപ്ളവസമരങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന അസാധാരണ വ്യക്തിത്വമുള്ള നേതാവ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഗൗരിഅമ്മയുടെ സ്ഥാനം ഏറ്റവും മുൻപന്തിയിലാണ്. അവർ വിപ്ളവരംഗത്തേക്ക് ഇറങ്ങിയ കാല ത്ത് സ്ത്രീയെന്ന നിലയിലും ഏറ്റവും താഴേക്കിടയിലുള്ള അദ്ധ്വാനിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയിലും നിലവിലിരുന്ന സവർണമേധാവിത്വത്തിനെതിരെയുള്ള പോരാളി എന്ന നിലയിലും സ്വന്തം മുഖമുദ്ര പതിച്ച വ്യക്തിയാണ്.
മന്ത്രിയെന്ന നിലയിലും കെ.ആർ. ഗൗരിഅമ്മ തന്റെ പ്രാഗല്ഭ്യം തെളിയിച്ചു. കേരളത്തിന്റെ കാർഷിക പരിഷ്കാരങ്ങളുടെ തുടക്കം അവരിൽ നിന്നാണ്. അവരാണ് കാർഷിക ബന്ധ ബില്ല് ആദ്യമായി നിയമസഭയിൽ അവതരിപ്പിച്ചത്. അത് നിയമം ആയി വരാൻ വർഷങ്ങളെടുത്തു. പക്ഷേ ആ ബില്ലിൽ ഒരുപാട് വെള്ളം ചേർക്കപ്പെട്ട നിലയിലാണ് പിന്നീട് നിയമമായത്. അവർ മുഖ്യമന്ത്രിയാകും എന്നു വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളെ ധരിപ്പിച്ചിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് വിജയം കൈവന്നപ്പോൾ പാർട്ടി നേതൃത്വം അവരെ തഴയുകയാണ് ചെയ്തത് . തുടർന്ന് പല പ്രശ്നങ്ങളിലും ഗൗരി അമ്മ അവർ പാർട്ടി നേതൃത്വവുമായി ഇടഞ്ഞു. അതോടെ പാർട്ടി നേതൃത്വം അവരെ പുറത്താക്കി. അവർ പിന്നീട് ജെ.എസ്.എസ് എന്ന പാർട്ടിക്ക് രൂപം കൊടുത്തു. അതിനു ശേഷമുള്ള അവരുടെ പ്രവർത്തനങ്ങളോട് എനിക്ക് വലിയ താത്പര്യം തോന്നിയിട്ടില്ല. ജെ.എസ്.എസ് പിന്നീട് യു.ഡി.എഫിന്റെ ഭാഗമായിരുന്നു. നിവൃത്തികേടു കൊണ്ടാണ് അവർ അതിൽ ചേർന്നതെന്ന് എനിക്കറിയാം.
ഒരു കാര്യം എനിക്ക് പറയാനുള്ളത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി വ്യക്തിപരമായി ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുള്ള സ്ത്രീയാണ് ഗൗരി അമ്മ. അവരോട് പ്രസ്ഥാനവും പാർട്ടിനേതൃത്വവും പെരുമാറിയ രീതിയോട് എനിക്ക് പ്രതിഷേധമുണ്ട്. ഇപ്പോൾ അത് തിരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോഴേക്കും ഗൗരിഅമ്മയ്ക്ക് നൂറ് വയസ് പിന്നിടുന്ന അവസ്ഥയായി. ഗൗരി അമ്മയെ പോലൊരു സ്ത്രീയെ കേരളം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തേ പറ്റൂ. മാത്രമല്ല, അവരിൽ നിന്ന് പല പാഠങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പഠിക്കാനുണ്ട്.