മത്തിയ്ക്ക് ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് 300 രൂപ വരെയൊക്കയാണ് വിലയെന്നാണ് കേൾക്കുന്നത്. ഈ കൈ പൊള്ളുന്ന വില കാരണം മിക്കവരും ഇപ്പോൾ മറ്റ് മാംസ ഭക്ഷണങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങുന്നതായാണ് ലഭിക്കുന്ന വിവരം. എന്നാൽ മത്തിയെ അങ്ങനെ തഴയേണ്ട കാര്യമില്ല എന്നാണു വിദഗ്ധർ പറയുന്നത്. അൽപ്പം വില കൂടുതലൊക്കെ ആണെങ്കിലും ഇടയ്ക്കൊക്കെ മത്തിയെ തീൻമേശയിലേക്ക് ക്ഷണിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. കറിയായാലും ഫ്രൈ ആയാലും ചാള കണ്ടാൽത്തന്നെ വായിൽ വെള്ളം വരും എന്നുള്ളത് മാത്രമല്ല ഇതിനു കാരണം. നിരവധി പോഷക ഗുണങ്ങളുള്ള ഒരു മത്സ്യം കൂടിയാണ് മത്തി. മാത്രമല്ല നിരവധി രോഗങ്ങൾ അകറ്റാനും ഈ മീനിലുള്ള പോഷകങ്ങൾ സഹായിക്കും. ഹൃദ്രോഗവും ക്യാൻസറും വരെ ചാള കഴിച്ചാൽ മാറും എന്ന് പറയുമ്പോഴാണ് മത്തിയുടെ മഹത്വം മനസിലാകുക.
'സാർഡീൻ' എന്നാണ് മത്തിയ്ക്ക് ഇംഗ്ലീഷിൽ പറയുക. പാശ്ചാത്യ രാജ്യങ്ങളിൽ ഈ മത്സ്യത്തെ ക്യാനിലാക്കി സീൽ ചെയ്ത വയ്ക്കുകയാണ് പതിവ്. ഏറെ രുചികരമായ ഈ 'ക്യാൻഡ് മത്തി'യ്ക്ക് അവിടങ്ങളിൽ വൻ ഡിമാൻഡാണ്. ഇറ്റലിയിലെ 'സാർഡീൻ' എന്നൊരു ദ്വീപിലാണ് കേരളത്തിന്റെ ഈ ഇഷ്ട മത്സ്യത്തെ ആദ്യമായി കണ്ടെത്തുന്നത്. അങ്ങനെയാണ് ഇവയ്ക്ക് ആ പേര് ലഭിക്കുന്നത്. രുചികരമാണെങ്കിലും, മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ച് മത്തി ഏറെ നാൾ കേട് കൂടാതെ ഇരിക്കില്ല. ഇതിനാലാണ് പാശ്ചാത്യർ മത്തിയെ കിട്ടിയപാടെ 'ക്യാൻ' ചെയ്യുന്നത്. മത്തി, കടലിലെ 'പ്ലാങ്ക്ടൺ' എന്ന സൂക്ഷ സസ്യങ്ങളെയാണ് ഭക്ഷണമാക്കുന്നത്. അതിനാൽ തന്നെ മറ്റ് മത്സ്യങ്ങളിൽ കാണപ്പെടാറുള്ള മെർക്കുറി വിശാംശം ഇവയിൽ കാണാറില്ല. അതുകൊണ്ട് മത്തി സുരക്ഷിതവുമാണ്. അറ്റ്ലാന്റിക്, പെസിഫിക്, മെഡിറ്ററേനിയൻ എന്നീ മഹാസമുദ്രങ്ങളിലാണ് ഇവയെ കൂടുതലും കാണാനാകുക.
ഇനി മത്തിയുടെ ചില ഔഷധ ഗുണങ്ങളിലേക്ക് വരാം. ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ മൽസ്യത്തിലുള്ളത്. ഈ പോഷകമാണ് മനുഷ്യരിലെ ഹൃദ്രോഗം തടയാൻ സഹായിക്കുന്നത്. മാത്രമല്ല രക്തം കട്ടപിടിക്കാതിരിക്കാനും രക്തസമ്മർദ്ധക്കുറവ് പരിഹരിക്കാനും ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. വിറ്റാമിൻ ബി-12 എന്ന് പേരുള്ള പോഷകവും മത്തിയിലുണ്ട്. ശരീരത്തിന് ഉന്മേഷം നൽകാനും, വിളർച്ച മാറാനുമുള്ള ഏറ്റവും മികച്ച ഔഷധമാണ് വിറ്റാമിൻ ബി-12. മൽസ്യത്തിലുള്ള വിറ്റാമിൻ ഡി എല്ലുകൾക്ക് ബലം നൽകും. ഇതിൽ തീരുന്നില്ല, ഇരുമ്പ് പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫോസ്‌ഫറസ് എന്നീ പോഷകങ്ങളുടെ കലവറ കൂടിയാണ് മത്തി. എല്ലാതരം മാംസത്തിലുമുള്ള പ്രൊട്ടീനും മത്തിയിൽ ധാരാളമായുണ്ട്.
ഗർഭിണികളായ സ്ത്രീകൾക്കും പ്രായമായവർക്കും ഡോക്ടർമാർ നിർദ്ദേശിക്കുന്ന 'സൂപ്പർ ഫുഡ്' കൂടിയാണ് മത്തി എന്ന് അറിയാമോ? കുഞ്ഞിന്റെ വളർച്ചയ്ക്കും, പ്രായമായവർക്കുണ്ടാകുന്ന എല്ലിന്റെ ബലക്ഷയം പരിഹരിക്കാനും ദിവസവും ഒരു പ്ലേറ്റ് മത്തിക്കറി ഊണിനൊപ്പം കഴിച്ചാൽ മാത്രം മതി. ഇങ്ങനെയൊക്കെയാണെങ്കിലും വൃക്കരോഗമുള്ളവരും സന്ധിവാതമുള്ളവരും അൽപ്പമൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. യൂറിക്ക് ആസിഡ് മത്തിയിൽ ധാരാളമായുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങളുള്ളവർ മത്തി കഴിച്ചാൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. കലോറിയും മത്തിയിൽ വളരെ കൂടുതലാണ്. അതിനാൽ തടിച്ച ശരീര പ്രകൃതമുള്ളവരും തങ്ങളുടെ 'മത്തികൊതി' ചെറുതായൊന്ന് അടക്കേണ്ടതാണ്.