തിരുവനന്തപുരം: കൊല്ലത്തെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രനെ എന്തുവില കൊടുത്തും തോൽപ്പിക്കാൻ ഇടതുപക്ഷവും മുഖ്യമന്ത്രിയടക്കമുള്ളവരും രണ്ടും കൽപ്പിച്ചാണ് ഇറങ്ങിയത്. പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ പരനാറി പ്രയോഗവും സംഘിവിളികളും കൂടി ചേർന്നതോടെ എൻ.കെ പ്രേമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം കേരളത്തിൽ ഏറെ ചർച്ചയായി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിസഭയിലെ ഭൂരിഭാഗം പേരും എൽ.ഡി.എഫിന്റെ പ്രചാരണത്തിനായി മണ്ഡലത്തിൽ സജീവമായി. എന്നാൽ എതിരാളികളെ മുഴുവനായും കണ്ണുതള്ളിക്കുന്ന വിജയമായിരുന്നു പ്രേമചന്ദ്രൻ കൊല്ലത്ത് നേടിയെടുത്തത്. ഇപ്പോഴിത കൊല്ലത്തെ വോട്ടർമാരുടെ തീരുമാനം ശരിയാണെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നിന്നും പുറത്തുവരുന്നത്.
17ാം പാർലമെന്റിന്റെ തുടക്കത്തിൽ തന്നെ തന്റെ ഇച്ഛാശക്തി തെളിയിക്കുന്ന പ്രവർത്തനങ്ങളാണ് ഈ ആർ.എസ്.പി എം.പിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആദ്യം തന്നെ പ്രഗ്യാ സിംഗ് താക്കൂറിന്റെ സത്യപ്രതിജ്ഞയിലെ പിഴവ് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം താരമായത്. സർട്ടിഫിക്കറ്റിലുള്ള പേരിനു പകരം ആത്മീയഗുരുവിന്റെ പേരുകൂടി ചേർത്ത് സത്യപ്രതിജ്ഞ ചെയ്യാൻ നോക്കിയതാണ് പ്രഗ്യാ സിംഗിനെ വിവാദത്തിലേക്ക് വഴിവച്ചത്. ബി.ജെ.പി. സത്യപ്രതിജ്ഞാവേളയിൽപോലും രാഷ്ട്രീയം കലർത്തിയെന്ന് പ്രേമചന്ദ്രൻ വിമർശിച്ചിരുന്നു. ഇതിലൂടെ പാർലമെന്ററി പ്രവർത്തനമെന്ന കല തനിക്ക് നന്നായി വഴങ്ങുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് പ്രേമചന്ദ്രൻ. ഇതുകൂടാതെ പ്രേമചന്ദ്രൻ പാർലമെന്റിലെ ആദ്യ സമ്മേളനത്തിൽ ശബരിമല യുവതി പ്രവേശനം തടയാൻ സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ സ്വകാര്യ ബില്ല് അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന്റെ നീക്കം. ഒരു തരത്തിൽ പ്രേമചന്ദ്രന്റെ ബില്ല് കേരള സർക്കാരിന് ഒരു ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്. ശബരിമല യുവതി പ്രവേശനത്തിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ കുരുക്കിലായ സർക്കാരിനും സി.പി.എമ്മിനും ഈ ബില്ല് ഗുണം ചെയ്യും. ഈ ബില്ല് പാർലമെന്റിൽ പാസാക്കിയാൽ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലപാട് സർക്കാരിന് മാറ്റം വരുത്താൻ കഴിഞ്ഞേക്കും.
അതേസമയം, നിലവിൽ ഇടത് എം.പിമാർ ആരും തന്നെ ഈ ബില്ലിനെ എതിർത്ത് വന്നിട്ടില്ലെന്നതാണ് പ്രധാനവസ്തുത. കൂടാതെ ശബരിമല യുവതി പ്രവേശനത്തിനെതിരെ സന്ധിയില്ലാതെ സമരം ചെയ്ത ബി.ജെ.പിക്ക് ഈ ബില്ലിനെ പിന്തുണയ്ക്കാതെ രക്ഷയില്ല. പ്രേമചന്ദ്രന്റെ ബില്ലിൽ രാഷ്ട്രീയം കാണേണ്ടെന്നും ബില്ലിലെ താൽപര്യം ശബരിമലയ്ക്ക് എതിരല്ലെന്നുമാണ് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ശബരിമലയുടെ പേരിൽ സമരം ചെയ്ത ബി.ജെ.പിക്ക് കേന്ദ്രത്തിൽ അധികാരമുണ്ടായിട്ടും ഫലവത്തായി ഒന്നും ചെയ്യാൻ കഴിയാത്തത് കേരളത്തിലെ പാർട്ടി ഘടകത്തിന് തിരിച്ചടിയാണ്. ബില്ല് പാസായാൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ആറ് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്തേക്കുമെന്നും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.
ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള സ്വകാര്യ ബിൽ ആചാരാനുഷ്ഠാന സംരക്ഷണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരമാണെന്നും സർക്കാർ ബിൽ ഏറ്റെടുത്ത് കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരണമെന്നുമാണ് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞത്. മുത്തലാഖിനെതിരെയുള്ള ബിൽ മൂന്നു തവണ ഓർഡിനൻസ് ആയി ഇറക്കാൻ താത്പര്യം കാണിച്ച ബി.ജെ.പി ശബരിമലയുടെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് കാണേണ്ടതാണ്. മതാചാര അനുഷ്ഠാനങ്ങൾ കൺകറന്റ് ലിസ്റ്റിൽ ആയതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാം. അതേസമയം, ശബരിമല സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭയിൽ സർക്കാരിന് ചർച്ച ഒഴിവാക്കാനും കഴിയും.