empty-wallet

1. ആഗ്രഹം മതി ആത്യാഗ്രഹം ആപത്ത്

ജീവിതത്തിൽ ആവശ്യങ്ങൾ അവസാനമില്ലാത്തതാണ്. വരുമാനത്തിൽ ചെറിയ ഒരു വർദ്ധനവുണ്ടാകുമ്പോൾ തന്നെ അതുകൊണ്ട് സാധിക്കേണ്ട് ആവശ്യങ്ങൾ ഒന്നിന് പുറകേ ഒന്നായി വന്നുകൊണ്ടേയിരിക്കും. ഇതിൽ പലതും നിലവിൽ ഉപയോഗിക്കുന്ന സൗകര്യങ്ങൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനാവും. ഉദാ : പുതിയ മൊബൈൽ വാങ്ങുക. ബൈക്ക് മാറ്റി കാർ സ്വന്തമാക്കുക തുടങ്ങിയവ. ഇതൊക്കെ ജീവിതത്തിൽ വേണ്ട എന്നല്ല, പകരം വരുമാനം വർദ്ധിക്കുമ്പോൾ അതിന്റെ ഒരു പങ്ക് നിക്ഷേപിക്കുവാനും നാം മറക്കരുത്. ഇന്നേ കരുതിയാലേ നാളെ ചെലവാക്കാനാവുകയുള്ളു. ഇതു കൂടാതെ പെട്ടെന്ന് ഒരു വലിയ ആവശ്യമുണ്ടായാൽ ഈ കരുതൽ ആശ്വാസമായി മാറുകയും ചെയ്യും.

2.ഡിസ്‌കൗണ്ട് കണ്ട് മയങ്ങേണ്ട

മാളുകളിലും മറ്റും കറങ്ങിനടക്കുമ്പോൾ ഷോപ്പിന് മുൻപിലെ ഡിസ്പ്‌ളേ ബോർഡുകളിലെ ഡിസ്‌കൗണ്ട് കണ്ട് അറിയാതെ ഉള്ളിലെത്തുന്നവരാണ് സാധാരണ മലയാളികൾ. പലപ്പോഴും ഒരെണ്ണം വാങ്ങാനായി പോവുന്നയാൾ ഡിസ്‌കൗണ്ട് കിട്ടുവാനായി രണ്ടെണ്ണം വാങ്ങേണ്ടിവരുന്നതും ഈ ബിസിനസ് തന്ത്രത്തിലാണ്. ഒന്നോർക്കുക നഷ്ടത്തിൽ സാധനങ്ങൾ ഒരു പരിചയവുമില്ലാത്ത നിങ്ങൾക്ക് നൽകാൻ ഏത് വ്യാപാരിയാണ് തയ്യാറാവുക.

insurance

3. വാരാന്ത്യത്തിലെ ഔട്ടിങ്ങിന് ബൈ പറയാം

ചെറിയ വരുമാനമുള്ളവരും വാരാന്ത്യത്തിൽ പുറത്ത് പോയി ഭക്ഷണം കഴിക്കാൻ താത്പര്യപ്പെടുന്നവരാണ്. കുടുംബവുമായി പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോൾ പലപ്പോവും ബില്ലിൽ നമ്മൾ കരുതുന്നതിലും അപ്പുറമാവും സംഖ്യ വരുന്നത്. എന്നാൽ അപ്പോഴത്തെ സന്തോഷത്തിൽ അത് കാര്യമാക്കാറുമില്ല. അടുത്തിടെ നമ്മുടെ നാട്ടിലും പ്രചാരം ലഭിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി ഈ ചെലവിനെ പിടിച്ചുകെട്ടാൻ പര്യാപ്തമാണ്. ബഡ്ജറ്റ് അനുസരിച്ച് കൂടുതൽ ഓഫറുള്ളിടത്ത് നിന്നും വാങ്ങാനാവും. ഇനിയതല്ല പുറത്ത് പോയി തന്നെ കഴിക്കണമെങ്കിൽ എല്ലാ ആഴ്ചയും മാറ്റി രണ്ടാഴ്ചയിലൊരിക്കലാക്കിയാലും ചെലവിനെ പിടിച്ച് നിർത്തുവാൻ കഴിയും.

4. വരവറിഞ്ഞ് ചെലവാക്കണം

അത്യാവശ്യത്തിന് സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങുന്നവർ എല്ലായിടത്തുമുണ്ട്. എന്നാൽ കൃത്യമായി വരുമാനം ലഭിച്ചിട്ടും അത് തികയാതെ എല്ലാമാസവും കടം വാങ്ങുന്നവരെ കുറച്ച് പേർക്കെങ്കിലും പരിചയം കാണും. ലഭിക്കുന്ന ശമ്പളം കഴിഞ്ഞമാസം കടം വാങ്ങിയത് വീട്ടുകയും തുടർന്ന് വീണ്ടും കടം വാങ്ങി ചെലവാക്കുകയും ചെയ്യുക ഇത്തരക്കാരുടെ രീതിയാണ്. വരവറിഞ്ഞ് ചെലവ് ചെയ്യണം എന്ന പഴഞ്ചൊല്ല് ഇവർക്കുവേണ്ടിയുള്ളതാണ്. ഒരു കടലാസിൽ വരവും ചെലവും എഴുതി സൂക്ഷിക്കാം, സ്മാർട്ട് ഫോൺ യുഗത്തിൽ ഇതിനായി മൊബൈൽ ആപ്പുകളും ധാരാളമുണ്ട്.

5. ആരോഗ്യം സൂക്ഷിക്കാൻ ആരോഗ്യ ഇൻഷുറൻസ്

ഇപ്പോഴത്തെ കാലത്ത് പട്ടിണിയല്ല ആരോഗ്യ സംരക്ഷണമാണ് ആളുകൾ നേരിടുന്ന വലിയ ഭീഷണി. ഒരു രോഗം പിടിപെട്ട് മികച്ച ചികിത്സ ലഭ്യമാക്കണമെങ്കിൽ ഒരു കുടുംബം കടക്കെണിയിലാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിൽ നിന്നും മറികടക്കാൻ ആരോഗ്യ ഇൻഷുറൻസിലൂടെ സാധിക്കും. മുന്നറിയിപ്പില്ലാതെ എത്തുന്ന രോഗങ്ങളെ മികച്ച ചികിത്സയിലൂടെ ഭേദമാക്കാനുള്ള സാമ്പത്തിക പ്രയാസങ്ങൾ ഒഴിവാക്കാനും ഇതിലൂടെ കഴിയുന്നു.

insurance

6. ലോട്ടറി ഭ്രമം തലയ്ക്ക് പിടിക്കരുത്


പെട്ടെന്ന് സമ്പന്നനാകണം എന്ന ആഗ്രഹത്താൽ കിട്ടുന്ന തുക മുഴുവനും ലോട്ടറി വാങ്ങുവാനായി ഉപയോഗിക്കുന്നവരുണ്ട്. സാധാരണയായി നിത്യവൃത്തിയ്ക്കായി പണിയെടുക്കുന്ന സാധാരണക്കാരാണ് വരുമാനത്തിന്റെ സിംഹ ഭാഗവും ഇത്തരത്തിൽ ചെലവാക്കുന്നത്. ഭാഗ്യപരീക്ഷണമാവും പക്ഷേ പോക്കറ്റിൽ പണത്തിന് പകരമാവില്ല കടലാസ് കഷ്ണങ്ങളെന്ന തിരിച്ചറിവ് ഉണ്ടാവണം.

7. ആഘോഷങ്ങൾ അതിരുവിടരുത്


ആഘോഷങ്ങൾക്കായി ഒത്തുകൂടുന്നവരാണ് മലയാളികൾ. വീട്ടിലെ വിശേഷങ്ങൾ മുതൽ നൽകുന്ന സംഭാവനകളിൽ വരെ മിതത്വം പാലിക്കണം. കൂടുതൽ പണം ചെലവഴിച്ച് നാലാളറിയണമെന്ന ആഗ്രഹമായിരിക്കും ഇത്തരം ധൂർത്തിന് പിന്നിൽ. ഭാവിയെ കണ്ടുകൊണ്ടാവണം നാം ജീവിക്കേണ്ടത്.