അഹമ്മദാബാദ്: 30 വർഷം പഴക്കമുള്ള കസ്റ്റഡിമരണക്കേസിൽ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ഗുജറാത്തിലെ ജാംനഗർ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതേകേസിൽ ഭട്ടിനൊപ്പം പ്രവീൺസിംഗ് ജ്വാലയെന്ന കോൺസ്റ്റബിളിനും കോടതി ജീവപര്യന്തം തടവിന് വിധിച്ചു. 1990 നവംബറിൽ ജാംനഗർ ജില്ലയിൽ കലാപശ്രമത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പ്രഭുദാസ് മാധവ്ജി വൈഷ്ണവി എന്നയാൾ പിന്നീട് ആശുപത്രിയിൽ മരിച്ച സംഭവത്തിലാണ് സഞ്ജയെ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് സഞ്ജയ് ആയിരുന്നു ജാംനഗറിലെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട്.
ഭാരത് ബന്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് 133 പേരെ ഭട്ടും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അതിലൊരാളായിരുന്നു കൊല്ലപ്പെട്ട വൈഷ്ണവി. ഒമ്പതു ദിവസമാണ് ഇയാൾ കസ്റ്റഡിയിലുണ്ടായിരുന്നത്. ആശുപത്രിയിൽ വൃക്ക സംബന്ധമായ തകരാറുകളാലായിരുന്നു മരണം. എന്നാൽ, കസ്റ്റഡി മർദ്ദനമാണ് മരണത്തിന് കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കേസിൽ 11 പുതിയ സാക്ഷികളെ വിസ്തരിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് ഭട്ട് നൽകിയ ഹർജി കഴിഞ്ഞ ആഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. 300 സാക്ഷികൾ കേസിലുണ്ടെങ്കിലും വിചാരണ വേളയിൽ 32 പേരെ മാത്രമാണ് വിസ്തരിച്ചതെന്നും പ്രധാനപ്പെട്ട സാക്ഷികളെ വിട്ടുപോയെന്നുമായിരുന്നു ഭട്ടിന്റെ ഹർജി. കസ്റ്റഡി മർദ്ദനമുണ്ടായിട്ടില്ലെന്ന സാക്ഷികളുടെ മൊഴികൾ വിചാരണ വേളയിൽ ഒഴിവാക്കിയെന്നായിരുന്നു വാദം. ഔദ്യോഗികവാഹനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും അനുവാദംകൂടാതെ ജോലിയിൽനിന്ന് അവധിയെടുത്തുവെന്നുമുള്ള പേരിൽ 2011ൽ സഞ്ജയ് ഭട്ടിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 2015ലാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്.
മോദി ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ സഞ്ജീവ് ഭട്ട് കഴിഞ്ഞ കുറേ നാളുകളായി മറ്റൊരു കേസിൽ ജയിലിലായിരുന്നു. ഗുജറാത്തിലെ മോദി സർക്കാരിനെതിരെ പോരാടി സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്.