raining-in-chennai

ചെന്നൈ: ആറുമാസത്തെ ഇടവേളയ്ക്കുശേഷം ചെന്നൈയിൽ മഴപെയ്തു. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്നലെ ഉച്ചയ്ക്കുശേഷം മഴപെയ്തു. ഗിണ്ടി, മീനമ്പാക്കം, വേലാച്ചേരി, പല്ലാവരം, പോരൂർ, കേളമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തതായാണ് റിപ്പോർട്ട്. അടുത്ത ആറുദിവസങ്ങളിലും ചെന്നൈയിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം. 195 ദിവസത്തെ കടുത്തവരൾച്ചയ്ക്കുശേഷമാണ് ഇവിടെ മഴ പെയ്തത്. ഇതോടെ കഴിഞ്ഞ പത്തുദിവസമായി സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തിനും താത്കാലിക ശമനമായിരിക്കുകയാണ്. എന്നാൽ, മദ്ധ്യ, വടക്കൻ ചെന്നൈയിൽ മഴയ്ക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.

അതേസമയം, മഴപെയ്തെങ്കിലും കടുത്ത കുടിവെള്ളക്ഷാമമാണ് ചെന്നൈ നേരിടുന്നത്. വരൾച്ചയെത്തുടർന്ന സ്‌കൂളുകൾ, ഹോട്ടലുകൾ, വനിതാഹോസ്റ്റലുകൾ, ഐ.ടി സ്ഥാപനങ്ങൾ, ചായക്കടകൾ, നിർമാണമേഖല എന്നിവയുടെ പ്രവർത്തനം ഏതുനിമിഷവും നിലയ്ക്കാവുന്ന നിലയിലാണ്. മഴകുറഞ്ഞതിനോടൊപ്പം 2011-നുശേഷം നഗരത്തിൽ ജലവിതരണത്തിനായി പുതിയ പദ്ധതികൾ സ്ഥാപിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമായി. പല സ്‌കൂളുകളും വെള്ളമില്ലാത്തതിനാൽ പൂട്ടലിന്റെ വക്കിലാണ്. ചെന്നൈയിലെയും പരിസരങ്ങളിലെയും 50 വനിതാഹോസ്റ്റലുകൾ പൂട്ടി. തമിഴ്‌നാട്ടിൽ നിർമാണപ്രവർത്തനങ്ങൾ ഭൂരിഭാഗവും മുടങ്ങിയിരിക്കുകയാണ്.

വെള്ളമില്ലാത്തതിനെ തുടർന്ന് ഐ.ടി കമ്പനികളിൽ പലതും ഓഫീസിൽ വരേണ്ട, വീട്ടിലിരുന്നു ജോലി ചെയ്താൽ മതിയെന്ന് ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നു. മാത്രമല്ല, ജലക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിൽ നിന്നു ജനങ്ങൾ മാറിത്താമസിക്കാൻ തുടങ്ങുകയും വെള്ളമുള്ള സ്ഥലങ്ങളിൽ വാടക ഇരട്ടിയാവുകയും ചെയ്തു. 1200 രൂപ വിലയുണ്ടായിരുന്ന വെള്ളത്തിന് കഴിഞ്ഞ കുറച്ചുമാസങ്ങളായി 7000 രൂപ നൽകിയാണ് പലരും വാങ്ങിയിരുന്നത്.