മലപ്പുറം: കല്ലട ബസിലെ ഡ്രൈവർ ജോൺസൺ തന്നെ കയറിപ്പിടിച്ചെന്ന് പരാതിക്കാരിയായ തമിഴ്നാട് സ്വദേശിനി. താൻ കണ്ണൂരിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും പിൻ സീറ്റിലാണ് ഇരുന്നതെന്നും പരാതിക്കാരി പറഞ്ഞു. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ജീവനക്കാരൻ കയറിപ്പിടിച്ചപ്പോൾ ബഹളം വച്ച് മറ്റ് യാത്രക്കാരെ ഉണർത്തിയെന്നും ബസിലെ മറ്റ് ജീവനക്കാർ ഡ്രൈവറെ ന്യായീകരിച്ചുവെന്നും യുവതി കൂട്ടിച്ചേർത്തു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു. അതേസമയം യുവതിയെ തട്ടി ഉണർത്താൻ ശ്രമിച്ചുവെന്നാണ് ഡ്രൈവർ പറഞ്ഞത്
ഡ്രൈവർ ജോൺസന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചാണ് ബസിനൊപ്പം ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.