പാലാ: പഠനത്തിൽ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടന്നതിന് മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുൻപ് പഠിച്ചിരുന്ന സ്‌കൂൾവളപ്പിലെ നെല്ലിമരത്തിൽ തൂങ്ങിമരിച്ചു. ഉഴവൂർ ഈസ്റ്റ് ഇടക്കോലി കണ്ണോളിൽ (തറയ്ക്കനാൽ) ബാലസുബ്രഹ്മണ്യത്തിന്റെ മകൻ അനുരൂപാണ് (16) ഇടക്കോലി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിൽ തൂങ്ങി മരിച്ചത്. അച്ഛനുമായുള്ള വാക്കു തർക്കത്തിനുശേഷം ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അനുരൂപ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പാലായിലെ അമ്മവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞതിനാൽ കൂടുതൽ തിരക്കിയില്ല. ഇന്നലെ രാവിലെ ഇടക്കോലി സ്‌കൂൾ അധികൃതർ വിളിച്ചപ്പോഴാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്.
രാവിലെ സ്‌കൂളിലെത്തിയ സ്‌കൂൾ ബസ് ഡ്രൈവർമാരാണ് മുറ്റത്തെ നെല്ലിമരത്തിൽ ഒരാൾ തൂങ്ങിനിൽക്കുന്നത് കണ്ടത്. സ്‌കൂൾ അധികൃതർ രാമപുരം പൊലീസിൽ വിവരം അറിയിച്ചു. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഇടക്കോലി സ്‌കൂൾ. അനുരൂപ് പത്താം ക്ലാസ് വരെ ഇവിടെയാണ് പഠിച്ചത്. പാലായിലെ ഒരു സ്‌കൂളിലാണ് പ്ലസ് വണ്ണിന് ചേർന്നത്. രാമപുരം പൊലീസ് സ്‌കൂളിലെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇടക്കോലി ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് ഇന്നലെ അവധി നൽകി. മാതാവ്: ഗീത. സഹോദരങ്ങൾ: അരുൺ, അശ്വിൻ. സംസ്കാരം നടത്തി.