കണ്ണൂർ: ആന്തൂർ നഗരസഭയിൽ ഉൾപ്പെടുന്ന കൺവെൻഷൻ സെന്ററിന് ലൈസൻസ് നിഷേധിച്ചതിൽ മനംനൊന്ത് പ്രവാസി ജീവനൊടുക്കിയ സംഭവത്തിൽ നടപടി. വീഴ്ച വരുത്തിയ നഗരസഭയിലെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എഞ്ചിനിയർ കലേഷ്, ഒവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റവാളികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ചീഫ് ടൗൺപ്ലാനർ വിജിലൻസ്, നഗരകാര്യ ഉത്തരമേഖല ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ നിയോഗിക്കുകയും ഇതുമായി ബന്ധപ്പെട്ട സ്ഥലം പരിശോധിച്ചും രേഖകൾ പരിശോധിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൺവെൻഷൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ വീഴ്ച, ഭരണകാര്യത്തിലെ വീഴ്ച, ഒക്ക്വിപ്പെൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സസ്പെൻഷൻ ചെയ്ത വിവരം അറിയിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി മൊയ്ദീൻ പറഞ്ഞു. എം.വി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സസ്പെൻഷൻ ചെയ്ത വിവരം മന്ത്രി പ്രഖ്യാപിക്കുന്നതിന് മുൻപ് സി.പി.എം നേതാക്കൾ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് മന്ത്രിയുടെ മറുപടി.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, മുൻ സെക്രട്ടറി പി.ജയരാജൻ, മുൻ എംപി പി.കെ.ശ്രീമതി എന്നിവർ ആത്മഹത്യ ചെയ്ത സാജന്റെ വീട്ടിൽ നേരത്തെ എത്തിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു കുടുംബാംഗങ്ങൾക്കു പി.ജയരാജൻ ഉറപ്പു നൽകിയിരുന്നു. വ്യവസായിക്ക് അനുകൂലമായി നേരത്തേ ജയരാജൻ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യം കൊണ്ടാണ് എം.വിഗോവിന്ദന്റെ ഭാര്യ കൂടിയായ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള വ്യവസായിയെ ദ്രോഹിച്ചതെന്നു കുടുംബം ആരോപിച്ചിരുന്നു.
സാജൻ പാറയിലിന്റെ പാർഥ കൺവൻഷൻ സെന്ററിന് അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണു നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോർട്ട്. സാജൻ മുൻപു സി.പി.എം ജില്ലാ നേതൃത്വത്തിനു നൽകിയ പരാതി പ്രകാരമാണ് കൺവൻഷൻ സെന്ററിൽ നഗരാസൂത്രണ വിഭാഗവും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയത്.