ramnath-kovind-

ന്യൂഡൽഹി : അനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് രണ്ടാംമോദി സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദേശീയ പൗരത്വ രജിസ്റ്റർ വഴി കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും അതിർത്തിയിൽ രീക്ഷണവും സുരക്ഷയും ശക്തമാക്കി കുടിയേറ്റം തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാംനാഥ് കോവിന്ദ് പറയുന്നു. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ബി.ജെ.പി നിലപാടും നയപ്രഖ്യാപന പ്രസംഗത്തിൽ ആവർത്തിച്ചു.

രാജ്യസുരക്ഷയ്ക്കായി മിന്നലാക്രമണം പോലെയുള്ള നടപടികൾ ഇനിയം സർക്കാർ സ്വീകരിക്കും. ഇന്ത്യയെ ആക്രമിക്കുന്നവർ അതിനുള്ള വില കൊടുക്കേണ്ടി വരുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. അടിക്കടിയുണ്ടാവുന്ന തിര‍ഞ്ഞെടുപ്പുകൾ രാജ്യവികസനത്തെ പിന്നോട്ട് വലിക്കുകയാണെന്നും തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുക വഴി ഈ പ്രശ്നം ഒഴിവാക്കാൻ സാധിക്കും. രാജ്യത്തെ സ്ത്രീസമത്വം ഉറപ്പാക്കാൻ മുത്തലാഖ് പോലുള്ള അനാചാരങ്ങൾ നിരോധിക്കേണ്ടത് അനിവാര്യമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽലോകം ഇന്ത്യയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ നടപടിയെന്നും പ്രസംഗത്തിൽ പറഞ്ഞു.

മിന്നല്‍ ആക്രമണത്തെക്കുറിച്ചും മസൂദ്ദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെക്കുറിച്ചും പരാമർശമുണ്ടായപ്പോൾ ഹർഷാരവത്തോടെയാണ് ബി.ജെപി എം.പിമാർ അതിനെ സ്വീകരിച്ചത്.