tdp-

ഹൈദരാബാദ്: ലോക്‌സഭ,​ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന് വീണ്ടും തിരിച്ചടി. രാജ്യസഭയിലെ നാല് എം.പിമാർ ടി.ഡി.പി വിട്ട് ബി.ജെ.പിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. ഒരു രാജ്യസഭാ എം.പി കൂടി രാജി സമർപ്പിച്ച് പാർട്ടി വിടുമെന്നും റിപ്പോർട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ചന്ദ്രബാബു നായിഡു ഇപ്പോൾ വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ടി.ഡി.പിയുടെ രാജ്യസഭാ എം.പിമാരായ വൈ.എസ്. ചൗധുരി, ടി.ജി. വെങ്കടേഷ്, സി. എം. രമേഷ് എന്നിവർ രാജിക്കത്ത് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്. ജി. മോഹൻ റാവു എന്ന എം.പി കൂടി പാർട്ടിവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടി.ഡി.പിയ്ക്ക് നിലവിൽ ആറ് രാജ്യസഭാ എം.പിമാരാണുള്ളത്. ഇതിൽ മൂന്ന് പേരാണ് നിലവിൽ ബി.ജെ.പിയിലേക്ക് പോകുന്നത്.

രാജ്യസഭയിൽ നിലവിൽ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് സ്വന്തം പാളയത്തിലേക്ക് കൂടുതൽ ആളുകളെ ആളുകളെ എത്തിക്കുകയാണ് ലക്ഷ്യം. മുത്തലാഖുൾപ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കാൻ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബി.ജെ.പിക്ക് ആവശ്യമാണ്. ഇത് മുന്നിൽക്കണ്ടാണ് ബി.ജെ.പിയുടെ നീക്കം.

അതേസമയം കൂടുതൽ ടി.ഡി.പി നേതാക്കൾ പാർട്ടി വിടുമെന്ന് സൂചനയുണ്ട്. ടി.ഡി.പിയുടെ മുതിർന്ന നേതാക്കളും മുൻ എം.എൽ.എമാരും കാക്കിനടയിലെ ഒരു ഹോട്ടലിൽ രഹസ്യയോഗം ചേരുന്നുവെന്ന റിപ്പോർ‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇവരും പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ഡി.പി വൈ.എസ്.ആർ കോൺഗ്രസിനോട് വൻ ഭൂരിപക്ഷത്തിൽ തോറ്റിരുന്നു. 151 നിയമസഭാ മണ്ഡലങ്ങളിൽ വെറും 23 സീറ്റുകൾ മാത്രമാണ് ടി.ഡി.പിക്ക് കിട്ടിയത്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ വെറും മൂന്നെണ്ണവും.