suicide-attempt

കോട്ടയം: കാമുകിയെ വാട്സാപ്പ് വീഡിയോകോൾ ചെയ്ത് ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ച കോളേജ് വിദ്യാർത്ഥി അപകടനി​ല തരണം ചെയ്തു. കാമുകി വിവരം അറിയിച്ച് രണ്ടു മണിക്കൂറി​നുള്ളി​ൽ പൊലീസ് ഉണർന്ന് പ്രവർത്തി​ച്ചതി​നാലാണ് യുവാവി​ന്റെ ജീവൻ രക്ഷി​ക്കാനായത്.

ഇടുക്കി സ്വദേശിയും കോട്ടയം സി.എം.എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയുമായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമി​ച്ചത്. ബുധനാഴ്‌ചയായിരുന്നു സംഭവം.

സി.എം.എസ് കോളേജിലെ വിദ്യാർത്ഥികളായ കമിതാക്കൾ തമ്മിൽ പിണങ്ങി​. തുടർന്ന് കോട്ടയത്ത് നി​ന്ന് ട്രെയിനിൽ​ അങ്കമാലിയിൽ എത്തി​യ യുവാവ് ട്രാക്കിലൂടെ നടന്ന് കറുകുറ്റിയ്‌ക്ക് സമീപത്തെ കുറ്റിക്കാട്ടിലെത്തി. കാമുകിയെ വാട്സാപ്പ് വീഡിയോ കോളിൽ വിളിച്ച ശേഷം താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് കയ്യിലെ ഞരമ്പ് മുറിച്ചു. അൽപ്പം കഴി​ഞ്ഞ് യുവാവ് മറിഞ്ഞു വീഴുന്നതാണ് ദൃശ്യത്തിൽ കണ്ടത്. കുറച്ച് കഴിഞ്ഞ് കോൾ കട്ടായി​. പെൺ​കുട്ടി​ തിരികെ വിളിച്ചെങ്കിലും കി​ട്ടി​യി​ല്ല. ഭയന്നു പോയ പെൺകുട്ടി വിവരം സുഹൃത്തുക്കളോട് പറഞ്ഞു. ഇവർ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിനെ വിവരമറി​യി​ച്ചു. പരാതി​യി​ല്ലാഞ്ഞി​ട്ടും സൈബർ സെല്ലിന്റെ സഹായത്തോടെ കോട്ടയം പൊലീസ് യുവാവ് അങ്കമാലി ഭാഗത്തുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അങ്കമാലി സ്റ്റേഷനി​ൽ വി​വരം അറി​യി​ച്ചു. രണ്ടു മണി​ക്കൂറോളം നീണ്ട തെരച്ചി​ലിനൊടുവിൽ കുറ്റി​ക്കാട്ടി​ൽ രക്തം വാർന്ന നി​ലയി​ൽ യുവാവി​നെ കണ്ടെത്തി​. ട്രാക്കിലൂടെ 2 കിലോമീറ്റർ ചുമലിൽ താങ്ങിയാണ് പൊലീസ് സംഘം യുവാവി​നെ റോഡി​ലെത്തി​ച്ചത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂർ കൂടി വൈകി​യി​രുന്നെങ്കിൽ യുവാവിന്റെ മരണം സംഭവിച്ചേനെയെന്ന് ഡോക്‌ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്ത യുവാവ് ഇന്നലെ ആശുപത്രി വിട്ടു.