tdp-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന് വീണ്ടും തിരിച്ചടി നൽകി തെലുങ്കുദേശം പാർട്ടിയുടെ ആറ് രാജ്യസഭാ എം.പിമാരിൽ നാല് പേർ ബി.ജെ.പിയിൽ ചേർന്നു. വൈ.എസ്. ചൗധരി, സി.എം. രമേശ്, ടി.ജി. വെങ്കിടേഷ്, ജി. മോഹൻറാവു എന്നിവരാണു ബി.ജെ.പിയിൽ ലയിക്കുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് കത്തുനൽകിയത്. ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയും ഒപ്പം ഉണ്ടായിരുന്നു. ബി.ജെ.പി നേതാക്കളായ റാം മാധവ്, ജി. കൃഷ്ണ റെഡ്ഡി എന്നിവർ ടി.ഡി.പി എം.പിമാരുമായി നടത്തിയ നിരന്തര ചർച്ചയ്ശേഷമാണ് ഇവർ പാർട്ടി വിട്ടത്.

രാജ്യസഭയിൽ ബി. ജെ. പിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാകാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണു ടി.ഡി.പി എം.പിമാരെ വലയിലാക്കിയത്. ആറിൽ നാലു പേരും പാർട്ടി വിട്ടതിനാൽ കൂറുമാറ്റ നിയമം ബാധകമാവില്ല.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടന്ന ആന്ധ്രപ്രദേശിൽ തെലുങ്ക് ദേശത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. നായിഡുവിന്റെ ടി.ഡി.പി സർക്കാരിനെ താഴെയിറക്കി വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലെത്തുകയും ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയാവുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് രാജ്യസഭാ എം.പിമാരുടെ കാലുമാറ്റം.

25 ലോക്സഭാ സീറ്റുകളിൽ 22ലും വൈ.എസ്.ആറിനായിരുന്നു വിജയം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം നടക്കാതെ വന്നതോടെ കഴിഞ്ഞ വർഷം നായിഡുവിന്റെ പാർട്ടി എൻ.ഡി.എ വിടുകയായിരുന്നു.

പാർട്ടിവിട്ടവർ സി.ബി.ഐ തേടുന്നവർ

കൂറുമാറിയവരിൽ സി.എം. രമേശ്, ആദായനികുതി വെട്ടിപ്പുകേസിലും, സത്യനാരായണ ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി.ബി.ഐ അന്വേഷണം നേരിടുകയാണ്. ടി.ഡി.പി, എൻ.ഡി.എ സഖ്യത്തിലുണ്ടായിരുന്നപ്പോൾ കേന്ദ്രമന്ത്രിയായിരുന്നു വൈ.എസ്. ചൗധരി.