david-warner

ട്രെൻ‌ഡ് ബ്രിഡ്ജ് : ഓപ്പണർ ഡേവിഡ് വാർണറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ ബംഗ്ലാദേശിനെതിരേ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 381 റൺസെടുത്തു. 382 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 4.2 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ്. 49 ഓവറിൽ 368 റൺസെടുത്തുനിൽക്കെ മഴ മത്സരം തടസപ്പെടുത്തിയെങ്കിലും പിന്നീട് പുനരാരംഭിച്ചു.

110 പന്തിൽ നിന്നാണ് വാർണർ തന്റെ 16-ാം ഏകദിന സെഞ്ചുറി തികച്ചത്. 147 പന്തുകളിൽ നിന്ന് അഞ്ചു സിക്‌സും 14 ബൗണ്ടറിയുമടക്കം 166 റൺസെടുത്താണ് വാർണർ പുറത്തായത്. ഈ ലോകകപ്പിലെ വാർണറുടെ രണ്ടാം സെഞ്ച്വറിയാണിത്. 447 റൺസുമായി ഈ ലോകകപ്പിലെ റൺവേട്ടക്കാരിലും വാർണർ മുന്നിലെത്തി.

വാർണര്‍ - ഉസ്മാന്‍ ഖ്വാജ സഖ്യം രണ്ടാം വിക്കറ്റിൽ 192 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഖ്വാജ 89 റൺസെടുത്ത് പുറത്തായി. വെറും 10 പന്തുകളിൽ നിന്ന് മൂന്നു സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 32 റൺസെടുത്ത ഗ്ലെൻ മാക്‌സവെല്ലിന്റെ ഇന്നിംഗ്സാണ് ഓസീസിനെ 350 കടത്തിയത്.


ആരോൺ ഫിഞ്ച് - ഡേവിഡ് വാർണർ ഓപ്പണിംഗ് സഖ്യം 121 റൺസാണ് എടുത്തത്. ബംഗ്ലാദേശിനായി സൗമ്യ സർക്കാർ മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് മത്സരങ്ങൾക്കു ശേഷമാണ് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ടോസിന്റെ ഭാഗ്യം തുണച്ചത്.