liquor-seized-police

മുസാഫിർനഗർ: ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ മോഷണം പോയി. 486 പെട്ടി മദ്യം മോഷണംപോയതിന്റെ അമ്പരപ്പിലാണ് പൊലീസുകാർ. ഉത്തർപ്രദേശിലെ തിത്താവി പൊലീസ് സ്റ്റേഷനിലെ സ്ട്രോങ് റൂമിലായിരുന്നു മദ്യത്തിന്റെ പെട്ടികൾ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് കുമാർ മദ്യക്കുപ്പികൾ കാണാനില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകുകയായിരുന്നു.

സ്റ്റേഷൻ ഹൗസ് ഓഫീസറുടെ റിപ്പോർട്ടിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സ്റ്റേഷൻ പരിധിയിൽ പരിശോധനയിലൂടെ പൊലീസ് പിടിച്ചെടുത്ത മദ്യങ്ങളായിരുന്നു സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ വർഷം ക്രിമിനൽ കേസിൽ ഉൾപ്പെട്ട ഒരു പ്രതിയിൽ നിന്ന് പിടിച്ചെടുത്ത 9 എം.എം പിസ്റ്റളും സ്റ്റേഷനിൽ നിന്ന് കാണാതെ പോയിരുന്നു. മദ്യക്കുപ്പികൾ കാണാതായതിന്റെ അടിസ്ഥാനത്തിൽ സ്ട്രോങ് റൂമിന്റെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന ജഗ്ബീർ സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഇത്രയേറെ മദ്യക്കുപ്പികൾ എങ്ങിനെ മോഷണംപോയി എന്നതിന്റെ അമ്പരപ്പിലാണ് പൊലീസുകാർ.