കാശ്മീർ: ക്ലാസിൽ പത്ത് മിനിട്ട് വൈകിയെത്തിയതിന് വിദ്യാർത്ഥികളെ അദ്ധ്യാപകൻ ക്രൂരമായി തല്ലിച്ചതച്ചു. മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ചൈൽഡ് ലൈൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജമ്മുകാശ്മീരിലെ ദോഡയിലെ ഗുജ്ജർ ബേക്കർവാൾ ബോയ്സ് ഹോസ്റ്റലിലെ 6,7,8,10 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. വിദ്യാർത്ഥികളെ കുനിച്ച് നിറുത്തി വടികൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
അദ്ധ്യാപകൻ കുറ്റം സമ്മതിച്ചതായും ഇയാൾക്കെതിരെ നടപടിയെടുക്കുമെന്നും ചൈൽഡ്‍ലൈൻ കോർഡിനേറ്റർ മീനാക്ഷി റെയ്ന പറഞ്ഞു. കുട്ടികളെകൊണ്ട് കാർ കഴുകിപ്പിച്ച അദ്ധ്യാപകനെ സ്കൂളിൽ നിന്ന് പിരിച്ച് വിട്ടത് ഈയടുത്താണ്. മേയ് 16 നാണ് കാശ്മീർ താഴ്‍വരയിലെ ഒരു സ്കൂളിലെ അധ്യാപകൻ തന്റെ കാർ കുട്ടികളെ കൊണ്ട് കഴുകിപ്പിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെയായിരുന്നു നടപടി.